Type Here to Get Search Results !

Bottom Ad

ഗാന്ധിജിയുടെ അപൂര്‍വ്വചിത്രങ്ങളുടെ പ്രദര്‍ശനം കുട്ടികള്‍ക്ക് വേറിട്ട കാഴ്ചയായി


കാസര്‍കോട്.(www.evisionnews.in)രാഷ്ട്രപിതാവ് മഹാത്മജിയുടെ യൗവ്വനം മുതല്‍ സ്വാതന്ത്ര്യസമരത്തിലെ വിവിധ ഘട്ടങ്ങളിലുളള പ്രവര്‍ത്തനവും അന്ത്യയാത്രയും വരെ ഉള്‍പ്പെടുന്ന ഗാന്ധിചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെങ്കള ഗ്രാമപഞ്ചായത്തിലെ ചേരൂര്‍ ഇത്തിഹാദുല്‍ ഇസ്ലാം എ എല്‍ പി സ്‌കൂളില്‍ ഒരുക്കിയ പ്രദര്‍ശനം 500 ഓളം കുട്ടികള്‍ക്ക് വേറിട്ട കാഴ്ചയായി. ഗാന്ധിജിയുടെ ഉപവാസ സമരങ്ങളും ഉപ്പുസത്യാഗ്രഹവും നടത്തിയ പ്രക്ഷോഭങ്ങളും ഉള്‍പ്പെടെ 250 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുളളത്. അക്കാലത്ത് മാധ്യമങ്ങളില്‍ വന്ന പത്രവാര്‍ത്തകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. വിവിധ ദേശീയ നേതാക്കളോടൊപ്പം ഗാന്ധിജി നടത്തിയ ചര്‍ച്ചകളുടെ ചിത്രങ്ങള്‍, ഗാന്ധിജിയുടെ പല പ്രായത്തിലുളള ചിത്രങ്ങള്‍, പ്രശ്‌ന ബാധിത മേഖലകളിലെ സന്ദര്‍ശനങ്ങള്‍ എന്നിവയും ചിത്ര പ്രദര്‍ശനത്തിലുണ്ട്. അധ്യാപകനായ നിര്‍മ്മല്‍കുമാര്‍ കാടകത്തിന്റെ ശേഖരത്തില്‍ നിന്നുളള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നിര്‍മ്മല്‍ കുമാറിന്റെ 1217-ാമത് ചിത്രപ്രദര്‍ശനമാണിത്.
സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചിത്രപ്രദര്‍ശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹാജിറ മുഹമ്മദ് കുഞ്ഞി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എം മധുസൂദനന്‍, സ്‌കൂള്‍ സെക്രട്ടറി പി എ ഹസൈനാര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. നിര്‍മ്മല്‍ കുമാര്‍ കാടകം ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ രാഘവന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡെന്നീസ് ജോണ്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad