Type Here to Get Search Results !

Bottom Ad

സമാധാനജീവിതം തകിടം മറിയുന്നിടത്ത് വികസനമെത്തില്ല - ജില്ലാ കളക്ടര്‍


കാസര്‍കോട്:(www.evisionnews.in) സ്വതന്ത്രവും സ്വസ്ഥവുമായ ജീവിതസാഹചര്യം സാധ്യമാകുമ്പോള്‍ മാത്രമെ വികസനം കൈവരിക്കാനാവുകുയുളളൂവെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു. സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ക്കൊപ്പം കാസര്‍കോടും വികസനമെത്തുന്നതിന് നാടിന്റെ സമാധാനം അത്യാവശ്യമാണ്. സാധാരണ മനുഷ്യന്റെ സമാധാനജീവിതം തകിടം മറിക്കുന്നതൊന്നും സംഭവിച്ചുകൂടാ. ജില്ലയുടെ ബാലാരിഷ്ടതകള്‍ മാറേണ്ട സാഹചര്യം അതിക്രമിച്ചുവെന്ന്  ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന വികസന സംവാദത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍  ഗുണമേന്മയുളള സ്ഥാപനങ്ങളുടെ കുറവും  ജില്ലയുടെ  വന്‍ വികസന സാധ്യതകളെ   ഫലപ്രദമായി പ്രയോജനപ്പെടുത്താത്തതുമാണ് കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 
  തദ്ദേശീയരായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് ജില്ലയിലെ പല വികസന പദ്ധതികളും മുടങ്ങുന്നതിന് കാരണമെന്ന് സംവാദം ഉദ്ഘാടകനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എ ജി സി ബഷീര്‍ ചൂണ്ടിക്കാട്ടി.   പ്രാദേശിക ഭരണകൂടം, കരിയര്‍ ഗൈഡന്‍സ്  കോഴ്‌സുകള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കണം.  കാസര്‍കോട് വികസന പാക്കേജ് , എന്‍ഡോസള്‍ഫാന്‍ പാക്കേജ്, നബാര്‍ഡ് പാക്കേജ്, ത്രിതല പഞ്ചായത്ത് വികസന  പദ്ധതികള്‍ എന്നിവയുടെ നിര്‍വ്വഹണത്തിന്  ഉദ്യോഗസ്ഥരില്ലാത്തതാണ് പ്രധാന പ്രശ്‌നം.  ജില്ലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍  സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്  നടപടി  ഉണ്ടാകണമെന്നും എ ജി സി ബഷീര്‍ പറഞ്ഞു. 
ജില്ലയില്‍ 16 നും 30 നും ഇടയില്‍ പ്രായമുളളവരാണ് കുറ്റകൃത്യങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുന്നതെന്ന് ഇവരില്‍ ഭൂരിപക്ഷത്തിനും മൂല്യബോധമുളള വിദ്യാഭ്യാസം ലഭിക്കാത്തതാണ് മുഖ്യപ്രശ്‌നമെന്നും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു.
വിനോദസഞ്ചാര വികസനം ജില്ലയുടെ പ്രധാന വ്യവസായ സാധ്യതയായി കാണണമെന്ന് ബി ആര്‍ ഡി സി മാനേജിംഗ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍ പറഞ്ഞു. ബജറ്റ് ഹോട്ടലുകളും ഹോം സ്റ്റേകളും കൂടുതലായി ആരംഭിക്കണം. ബീച്ചും ഹില്‍ സ്റ്റേഷനും കായല്‍ പരപ്പും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന  മറ്റൊരു ടൂറിസം കേന്ദ്രം ദക്ഷിണേന്ത്യയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. 
1.5 ലക്ഷം ഹെക്ടറില്‍ കൃഷി നടത്തുന്ന ജില്ലയില്‍ സ്വന്തമായി ജില്ലാകൃഷിത്തോട്ടം ഇല്ലാത്തത് വൈരുദ്ധ്യമാണെന്ന് സി പി സി ആര്‍ ഐ യിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. സി തമ്പാന്‍ പറഞ്ഞു. 
സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ച നൂറിലേറെ  പദ്ധതികള്‍ യാഥാര്‍ത്ഥ്യമായാല്‍ ജില്ലയുടെ വികസനത്തിന് മുതല്‍കൂട്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ പറഞ്ഞു. ബദിയടുക്ക മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാത, മലയോര ഹൈവെ, കുടിവെളള പദ്ധതികള്‍, ജൈവസര്‍ട്ടിഫിക്കേഷന്‍ പരിശോധന ലാബ്, നീലേശ്വരം-പളളിക്കര മേല്‍പാലം, ഉദുമ സ്പിന്നിംഗ് മില്‍, കാസര്‍കോട്-മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങള്‍, വൈദ്യുത പദ്ധതികള്‍, ഐ ടി പാര്‍ക്ക്, പെരിയ എയര്‍സ്ട്രിപ് , തടയണകള്‍, ഭാഷാന്യൂനപക്ഷങ്ങള്‍ക്കുളള ക്ഷേമപദ്ധതികള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കണം.
ഉന്നത വിദ്യാഭ്യാസത്തോടൊപ്പം സ്ത്രീകള്‍ക്ക് കായിക പരിശീലനവും ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ പറഞ്ഞു. 
ജില്ലയില്‍ ഭാഷാ അക്കാദമിയും വൈലോപ്പിളളി സംസ്‌കൃതി ഭവന്റെ  മാതൃകയില്‍ കലാകേന്ദ്രവും  സ്ഥാപിക്കണമെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ജൈവജില്ലയായി പ്രഖ്യാപിച്ചിട്ടും കീടനാശിനികളും രാസവളങ്ങളും വ്യാപകമായി ഇപ്പോഴും ജില്ലയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
 ജില്ലയുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിന് കള്‍ച്ചറല്‍ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കണമെന്ന് ചരിത്രകാരന്‍ ഡോ. സി ബാലന്‍ പറഞ്ഞു. കോട്ടകളെയും ചരിത്ര പൈതൃകങ്ങളെയും ക്ഷേത്രങ്ങളിലെ ചുവര്‍ ചിത്രങ്ങളും ദാരുശില്പങ്ങളും സംരക്ഷിക്കണം. നാടന്‍ കലകളുടെ പ്രോത്സാഹനത്തിന് നാടന്‍കലാ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലെ കുട്ടികളുടെ  സ്‌കൂളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ പറഞ്ഞു. പരീക്ഷാഭവന്റെ പ്രാദേശികകേന്ദ്രം ജില്ലയില്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്,  മുജീബ് അഹമ്മദ്, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ഫറൂഖ് ഖാസ്മി,  ഷംസുദ്ദീന്‍ ചെമ്പരിക്ക, അശോകന്‍ കുനിയേരി, വിനോദന്‍ പൃത്തിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗ്ഗീസ് മോഡറേറ്ററായിരുന്നു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും പ്രസ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം നന്ദിയും പറഞ്ഞു.

Keywords:kasaragod-district-development-seminar-collector


Post a Comment

0 Comments

Top Post Ad

Below Post Ad