Type Here to Get Search Results !

Bottom Ad

അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനശല്യം: ഭീതിയോടെ പ്രദേശവാസികള്‍


ദേലംപാടി (www.evisionnews.in): അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ദേലംപാടി പഞ്ചായത്തിലെ പാണ്ടി, നെല്ലിത്തട്ട് പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടങ്ങള്‍ ഭീഷണിപരത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു തവണയാണ് ഈ ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷിയിടങ്ങള്‍ വ്യാപകമായി നശിപ്പിച്ചത്. വാഴയും തെങ്ങും പച്ചക്കറികളും ഉള്‍പ്പെടെ കൃഷി നശിച്ചു. ഒട്ടേറെ തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും കാട്ടാനക്കൂട്ടത്തെ തുരത്താന്‍ യാതൊരു നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ആറുമാസത്തിനിടെ ഇരുപതിലേറെ തവണ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ കാട്ടാനയിറങ്ങിയത് മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊമ്പനും പിടിയുമായി ഏഴിലധികം ആനകള്‍ വരെയുള്ള സംഘമാണ് അതിര്‍ത്തി കടന്നെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം ബാലകൃഷ്ണന്‍ മണോളിത്തായയുടെ പുരയിടത്തിലെ തെങ്ങും കമുകും ഉള്‍പ്പെടെയുള്ള കൃഷി നശിപ്പിച്ചു. 

കര്‍ണാടകയോട് ചേര്‍ന്ന ഈ മേഖലയില്‍ വൈദ്യുതി എത്താത്തതിനാല്‍ തന്നെ കാട്ടാനക്കൂട്ടത്തെ തടയുന്നതിന് വനാതിര്‍ത്തിയില്‍ സൗരോര്‍ജ വേലി ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം സ്വപ്‌നം മാത്രമായി തുടരുകയാണ്. നിലവില്‍ തീകൂട്ടിയും പടക്കം പൊട്ടിച്ചും പരമ്പരാഗത രീതിയിലാണ് പ്രദേശവാസികള്‍ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും ഫലിക്കാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനക്കൂട്ടം ആക്രമിക്കുമെന്ന ഭീതിയില്‍ രാത്രിയില്‍ ഉറങ്ങാന്‍ പോലും കഴിയാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad