കാസര്‍കോട്:(www.evisionnews.in) ചന്ദ്രഗിരി പുഴയോരത്തെ കടവുകളില്‍ ഇനി മണല്‍ മാഫിയ വാഴില്ലെന്നും ഈ ഗൂഢസംഘത്തിന്റെ നട്ടെല്ലൊടിക്കാന്‍ പൊലീസ് തീരുമാനിച്ചതായും ടൗണ്‍ സി.ഐ അബ്ദുല്‍ റഹീം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാവിലെ മുതല്‍ പുഴയോരത്തെ തുരുത്തിയില്‍ മണലൂറ്റു തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതിന് ശേഷം ഇവിഷനോട് സംസാരിക്കുകയായിരുന്നു ചെമ്മനാട് സ്വദേശി കൂടിയായ ചന്ദ്രഗിരി പുഴയെയും പുഴയോരങ്ങളെയും അറിയുന്ന സി.ഐ റഹീം.
തളങ്കരയില്‍ ഒരു മാസം മുമ്പ് മണല്‍ വേട്ടക്കിറങ്ങിയ പോലീസുകാരെ തോണിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തോടെയാണ് കാസര്‍കോട്ടെ തളങ്കര മുതല്‍ പെരുമ്പള പാലം വരെയുള്ള കടവുകളിലെ അനധികൃത മണല്‍ കടത്തു കേന്ദ്രങ്ങള്‍ അടിച്ചു തകര്‍ക്കാന്‍ പോലീസ് നേതൃത്വം തീരുമാനിച്ചത്. ജില്ലാ പോലീസ് ചീഫിന്റെയും പരിപൂര്‍ണ പിന്തുണയും ഈ ഓപ്പറേഷനുണ്ട്. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച തുരുത്തി കടവില്‍ സിഐയുടെ നേതൃത്വത്തില്‍ കിടിലന്‍ ആക്ഷന്‍ നടന്നത്.
ഇതിലൂടെ മണലൂറ്റിന് ഉപയോഗിക്കുന്ന 26 തോണികളും നാല് എഞ്ചിനുകളുമാണ് പിടിച്ചെടുത്തത്. ഇവയത്രയും ജെസിബി ഉപയോഗിച്ച് സ്ഥലത്തിട്ട് തകര്‍ത്ത് ഉപയോഗ ശൂന്യമാക്കുകയും ചെയ്തു. ചന്ദ്രഗിരി പുഴയിലോ മണലൂറ്റാനും സംഭരിക്കാനും ആര്‍ക്കും അനുമതിയില്ല. ജില്ലാ കലക്ടറാണ് ഇതിന് നിരോധനം ഏര്‌പ്പെടുത്തിയത്. മുമ്പൊക്കെ ഈ നിരോധനം ലംഘിച്ച് മണലൂറ്റും മണല്‍ കടത്തും നടത്തിയിരിക്കാം. ഇനി ഇത് നടക്കില്ല. സി.ഐ പറഞ്ഞു.
ചന്ദ്രഗിരി റോഡ് പാലത്തിന് സമീപം അംഗീകൃത മണല്‍ കടവ് ഇല്ല. ഈ പ്രദേശം ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും മണല്‍ കടത്തിന് പൈലറ്റും എസ്‌കോട്ടും പോകുന്നവരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇവരെ പിടികൂടുക തന്നെ ചെയ്യും. ഇന്നലെ പിടിച്ചെടുത്ത 26 തോണികളില്‍ ഭൂരിഭാഗവും ചെങ്കള പാണലത്തെ ഒരാളുടേതാണെന്നും സിഐ പറഞ്ഞു.
പിടിച്ചെടുത്ത തോണികള്‍ നിഷ്‌കരുണം തകര്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. മുമ്പ് തളങ്കരയില്‍ പിടിച്ചെടുത്ത തോണികള്‍ തീരദേശ പോലീസിന് സമീപത്ത് കെട്ടിയിട്ടിരുന്നു. ഇവിടെ നിന്ന് തോണികള്‍ മോഷ്ടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. നിര്‍ത്തിയിട്ട തോണികളില്‍ വെള്ളം കയറി കൊതുകുകളുടെ ആവാസ -പ്രജനന കേന്ദ്രവുമായി മാറി. ഇതിനെതിരെ നാട്ടുകാര്‍ തിരിഞ്ഞതോടെയാണ് പിടിച്ചെടുത്ത തോണികള്‍ പിടിച്ചെടുത്ത് സ്ഥലത്ത് തന്നെ തകര്‍ക്കാന്‍ നിര്‍ബന്ധിതരായതെന്ന് സി.ഐ പറഞ്ഞു.

Post a Comment
0 Comments