സുള്ള്യ (www.evisionnews.in): സുള്ള്യ മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും വെള്ളിയാഴ്ച ഉച്ചക്ക് വധിക്കപ്പെട്ട ഇസ്മായില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കടുത്ത വധഭീഷണിയിലായിരുന്നു ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് നാട്ടുകാരുടെ സാക്ഷ്യം. മലയോരമേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഇസ്മായിലും ഭാര്യ വഹിദയും. വഹീദ നേരത്തെ താലൂക്ക് പഞ്ചായത്തംഗവുമായിരുന്നു.
വെള്ളിയാഴ്ച സ്ഥലം ഇടപാട് സംബന്ധിച്ച കേസില്‍ കോടതിയില്‍ ഹാജരായ ശേഷം ഐവര്‍ നാടുവിലെ പള്ളിയില്‍ ജുമാനിസ്‌കാരം നിര്‍വഹിച്ച ശേഷം പുറത്തിറങ്ങി തന്റെ ഇന്നോവ കാറിനടുത്തേക്ക് നടന്നു നീങ്ങുന്നതിനിടെയാണ് ഇസ്മായിലിന് നേര്‍ക്ക് മിന്നലാക്രമണം ഉണ്ടായത്. അക്രമി സംഘത്തില്‍ നാലു മുതല്‍ ആറു പേരുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. രാവിലെ മുതല്‍ ഇസ്മായിലിന്റെ നീക്കങ്ങള്‍ ഘാതക സംഘം സസൂക്ഷ്മം നിരീക്ഷിച്ചുവെന്നുവേണം കൊലയുടെ രീതി കണ്ട് പോലീസ് മനസിലാക്കുന്നത്. കാറിന് അടുത്തെത്തിയ ഉടനാണ് കഴുത്തിന് നേര്‍ക്ക് ആദ്യ വെട്ടേറ്റത്. എന്നിട്ടും പതറാതെ അരയിലിരുന്ന തോക്കെടുക്കാനുള്ള ശ്രമത്തിനിടയില്‍ വലതുകൈക്കും ആഞ്ഞുവെട്ടേറ്റു.
വെട്ടേറ്റ് മൂന്നു വിരലുകള്‍ അറ്റ നിലയിലാണ്. മൃതദേഹത്തില്‍ തോക്കുമുണ്ടായിരുന്നു. കഴുത്തിന് ഒന്നിലേറെ ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഇസ്മായിലും ഭാര്യ വഹീദയും സുള്ള്യയിലെ കടയില്‍ ഇരിക്കുമ്പോള്‍ ഇപ്പോള്‍ പിടിയിലുണ്ടെന്ന് പറയപ്പെടുന്ന സിദ്ദീഖ് ഇരുവരെയും വടിവാള്‍ വീശി ആക്രമിച്ചിരുന്നു. ആക്രമണം ചെറുത്ത വഹീദയുടെ നെഞ്ചിലേക്കാണ് സിദ്ദീഖ് വീശിയ വാള്‍ ചെന്നു തറച്ചത്. ഇതേതുടര്‍ന്ന് ദമ്പതികള്‍ മാസങ്ങളോളം ചികിത്സയിലായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് പിടിയിലായ സിദ്ദീഖ് പോലീസ് വാനില്‍ വെച്ചും നിന്റെ ജീവനെടുക്കാതെ ഞാന്‍ അടങ്ങില്ലെന്ന് ആക്രോശിച്ചിരുന്നു. ഈ വധഭീഷണിയുടെ നിഴലിലാണ് ഇസ്മായില്‍ തോക്ക് കൈവശം വെക്കാന്‍ തുടങ്ങിയത്.
സുള്ള്യ ടൗണില്‍ നിന്ന് 14 കിമി അകലെയാണ് കൊലനടന്ന ബെള്ളാരെ പോലീസ് പരിധിയിലുള്ള ഐവര്‍നാട്. ജുമാകഴിഞ്ഞ നേരമായതിനാല്‍ സംഭവമറിഞ്ഞ് ജനങ്ങളാകെ നടുങ്ങിയിരുന്നു. കൊലക്ക് പിന്നില്‍ രാഷ്ട്രീയമോ വര്‍ഗ്ഗീയമോ ആയ കാരണമില്ലെന്നും പൂര്‍വ്വ വൈരാഗ്യം മാത്രമാണെന്നാണ് പോലീസും നാട്ടുകാരും പറയുന്നത്.
Keywords; Karnataka-sullia-news-murder-ismail-congress-leader

Post a Comment
0 Comments