Type Here to Get Search Results !

Bottom Ad

തളങ്കരയിലെ സത്താര്‍ മേസ്ത്രി ഇന്നും പണിമുടക്കിയില്ല


കാസര്‍കോട്: (www.evisionnews.in)തളങ്കര ബാങ്കോട്ടെ അബ്ദുല്‍ സത്താര്‍ എന്ന മേസ്ത്രി സത്താര്‍ ഇന്നും പണിമുടക്കിയില്ല. ബന്ദായ ബന്ദും ഹര്‍ത്താലായ ഹര്‍ത്താലുമൊക്കെ കല്ലുകെട്ടു മേസ്ത്രിയായ സത്താറിന് പരസഹായത്തിനുള്ള അസുലഭ നിമിഷങ്ങളാണ്. ബസ് കിട്ടാതെ നടന്നുവലയുന്നവര്‍ക്ക് തന്റെ ആക്ടീവ സ്‌കൂട്ടറില്‍ ഒരു ലിഫ്റ്റ്.... അത് വലിയ പുണ്യമായിട്ടാണ് അദ്ദേഹം കാണുന്നത്.

സാധാരണക്കാരില്‍ സാധാരണക്കാരനായ സത്താറിന്റെ ജനസേവനം ഹര്‍ത്താല്‍ ആരംഭിക്കുമ്പോഴെ തുടങ്ങും. സുബ്ഹി നിസ്‌കരിച്ച് പള്ളിയില്‍ നിന്നിറങ്ങി തന്റെ സ്‌കൂട്ടറുമായി നേരെ ഇറങ്ങും റോഡിലേക്ക്. പിന്നെ കിട്ടുന്നവരെയൊക്കെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുവിടും. ഇന്ന് രാവിലെ കിട്ടി കുഡ്ലുവിലേക്ക് ഒരു യാത്രികനെ. കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ വിണ്ടും കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ഒരാള്‍ ലിഫ്റ്റ്. മറു ചോദ്യമില്ല. മുഖം നോക്കി ജാതി തിരിക്കാറുമില്ല. പകുതിയില്‍ വിട്ടാല്‍ മതി എന്ന് യാത്രക്കാര്‍ പറഞ്ഞാലും അവരെ ലക്ഷ്യത്തിലെത്തിക്കാതെ സത്താര്‍ മടങ്ങില്ല. പോയിവരാന്‍ 130 കിലോ മീറ്ററോളം ദൂരമുള്ള സ്ഥലങ്ങളിലേക്കു വരെ സത്താര്‍ യാത്രക്കാരെ കൊണ്ടു വിട്ടുണ്ട്.

സ്‌കൂട്ടറില്‍ പെട്രോള്‍ എപ്പോഴും ഫുള്‍ടാങ്ക് ആയിരിക്കും. പോരാത്തതിന് കുപ്പികളില്‍ വേറെയും നിറച്ചുവെക്കും. അതിലുമുണ്ട് രണ്ടു കാര്യം, തന്റെ സ്‌കൂട്ടറില്‍ പെട്രോള്‍ തീര്‍ന്നാലും ഉപയോഗിക്കാം അതേസമയം ആരെങ്കിലും പെട്രോള്‍ തീര്‍ന്ന് വഴിയരികില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ അവരെയും സഹായിക്കാം. അത് പറയുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയാണ് സത്താറിന്. പുലര്‍ച്ചെ തുടങ്ങുന്ന സൗജന്യ ഓട്ടം അര്‍ദ്ധരാത്രിവരെ തുടരുമെന്നാണ് സത്താര്‍ പറയുന്നത്. 

ചില യാത്രക്കാരൊക്കെ പരിചയമില്ലാത്ത സത്താറിന്റെ കൂടെ യാത്ര ചെയ്യാന്‍ ഭയത്തോടെ വിമുഖത കാണിക്കും. അന്നേരം സത്താര്‍ വണ്ടിയിലുള്ള, തന്നെ പറ്റി വന്ന പത്രവാര്‍ത്തകളും സത്താറിനെ ഹര്‍ത്താലനുകൂലികള്‍ക്ക് പരിചയപ്പെടുത്താനുള്ള പൊലീസ് മേധാവിയുടെ കത്തും കാണിച്ചു കൊടുക്കും. ബൈക്കിലും കാറിലും ഒറ്റക്ക് യാത്രചെയ്യുമ്പോള്‍ പോലും ആര്‍ക്ക ലിഫ്റ്റ് കൊടുക്കാത്ത മനസാക്ഷിയില്ലാത്തവര്‍ക്ക് ഏതു പാതിരാത്രിയിലും യാത്രക്കാരന്റെ അവസ്ഥ കണ്ടറിഞ്ഞ് സൗജന്യമായി വീട്ടിലെത്തിക്കാന്‍ വേണ്ടി ഓടി നടക്കുന്ന സത്താര്‍ മേസ്ത്രി ഒരു മാതൃക തന്നെയാണ്.

keywords : harthal-strike-sathar-thalangara-mason-

Post a Comment

0 Comments

Top Post Ad

Below Post Ad