കാസര്‍കോട് (www.evisionnews.in): ഇന്ന് അത്തം, അത്തം പത്തിന് തിരുവോണം എന്ന കണക്കനുസരിച്ച് 14ന് തിരുവോണമുണ്ണാം. അതിനിടയിലാണ് 12ന് തിങ്കളാഴ്ച മുസ്ലിം മതവിശ്വാസികളുടെ ലോകമെമ്പാടും ആഘോഷിക്കുന്ന ബലിപെരുന്നാളെന്ന വലിയ പെരുന്നാളും സമാഗതമാകുന്നത്. കേരളക്കരമുഴുവന്‍ ഇനിയുള്ള നാളുകള്‍ ആഘോഷ -ആഹ്ലാദ തിമര്‍പ്പിലമരും.
ഉല്‍പാദനക്കുറവും വിലത്തകര്‍ച്ചയും വിലക്കയറ്റവും കൊണ്ടു കാര്‍ഷികമേഖലയും പൊതുവിപണിയും പ്രതിസന്ധിയില്‍ ഉഴലുമ്പോഴും സമൃദ്ധിയുടെ ഉത്സവത്തെ വരവേല്‍ക്കാന്‍ കാസര്‍കോട് ജില്ലയും ഒരുങ്ങിക്കഴിഞ്ഞു. വടക്കന്‍ കേരളത്തിലെ മിക്ക ഹൈന്ദവ ഭവനങ്ങളിലും ചിങ്ങം ഒന്നു മുതല്‍ തന്നെ പൂക്കളങ്ങള്‍ ഒരുക്കിത്തുടങ്ങി. അവശേഷിക്കുന്ന മറ്റുവീടുകളില്‍ ഇന്നു മുതല്‍ തിരുവോണം വരെയുള്ള നാളുകളില്‍ പൂക്കളങ്ങളൊരുങ്ങും. നാട്ടുപൂക്കള്‍ നാടുനീങ്ങിയ ദുരവസ്ഥക്കിടയിലാണ് ഇക്കുറി ഓണം കടന്നുവരുന്നത്. (www.evisionnews.in)കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന പൂക്കളാണ് മലയാളിയുടെ മുറ്റത്ത് പൂക്കളമായി വിരിയുന്നത്. പോയകാലത്തെ പൂക്കളെ കുറിച്ചൊന്നും ന്യൂജെന്‍ പിള്ളേര്‍ കേട്ടിട്ടും കണ്ടിട്ടുമില്ല. വാട്‌സ് ആപ്പില്‍ വിരിയുന്ന പൂക്കളമാണ് ഇക്കൂട്ടരുടെ മനംനിറയ്ക്കുന്നത്.
മുമ്പു ചാണകം മെഴുകിയ മുറ്റത്തു പൂക്കളം വിരിയിച്ച ഇടങ്ങള്‍ ഇന്റര്‍ലോക്കിട്ടും കോണ്‍ക്രീറ്റ് ചെയ്തും മാറിയനിലയിലാണ്. ചാണകമെന്ന സാധനം തന്നെ കണികാണാന്‍ പോലുമില്ല. തെച്ചിയും മുക്കുറ്റിയും തുമ്പപ്പൂവുംമടക്കമുള്ള പൂക്കളാകെ മാരകമായ കീടനാശിനി പ്രയോഗത്തോടെ നാടുനീങ്ങിയെന്നാണ് ശാസ്ത്രകേരളം വലിയിരുത്തുന്നത്.
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നൂറുകണക്കിന് ഓണം -ബക്രീദ് ചന്തകള്‍ തുറന്നത് ആശ്വാസമായിട്ടുണ്ട്. (www.evisionnews.in)മാവേലി സ്‌റ്റോറുകളിലും സപ്ലൈകോ മാര്‍ക്കറ്റുകളിലും സഹകരണ ചന്തകളിലും അരിയും പലവ്യഞ്ജനവും ഒരുങ്ങിക്കഴിഞ്ഞു. അതേസമയം പൊതുവിപണിയില്‍ സാധനവില വാണക്കുറ്റിപോലെ ഉയരുന്നതും കാണാതിരിക്കാന്‍ വയ്യ. എങ്ങനെയെങ്കിലും പഴമക്കാര്‍ പറയുന്നത് പോലെ, കാണം വിറ്റും ഓണം ഉണ്ണാന്‍ തന്നെയാണ് ഇക്കുറി അരയും തലയും മുറുക്കി തോണി തുഴയുന്നത്.

Post a Comment
0 Comments