ന്യൂഡല്‍ഹി (www.evisionnews.in): സൈന്യത്തിന് നേരെ പാക്കിസ്താനില്‍ നിന്നുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും തിരിഞ്ഞുകുത്തി പഴയ ട്വീറ്റുകളുടെ പെരുമഴ നവമാധ്യമങ്ങളില്‍ നിറയുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അതിര്‍ത്തിയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോള്‍ രൂക്ഷവിമര്‍ശനവുമായി എത്തിയ മോദി ഇപ്പോള്‍ എവിടെയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. മോദി പ്രധാനമന്ത്രിയായാല്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ഒരു പാക് ഭീകരനും ധൈര്യമുണ്ടാകില്ലെന്ന് വീമ്പിളക്കിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പഴയ പ്രസ്താവനയും ട്രോളായി പടരുന്നു.
''അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. എപ്പോഴാണ് കേന്ദ്രം ഉറക്കമുണരുക എന്ന മോദിയുടെ പഴയ ട്വീറ്റാണ് ഇപ്പോള്‍ പചരിക്കപ്പെടുന്നത്. 2013 ആഗസ്റ്റ് ആറിനിട്ട ട്വീറ്റാണിത്. എന്നാല്‍ അടുത്തിടെ രാജ്യം നടുങ്ങിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായത് മോദി അധികാരമേറ്റ ശേഷമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കരസേനയ്ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച ഉറിയിലുണ്ടായത്.
മോദി പ്രധാനമന്ത്രിയായാല്‍ ഒറ്റ പാകിസ്താന്‍കാരനും ഇന്ത്യയില്‍ നുഴഞ്ഞുകയറാന്‍ ധൈര്യം വരില്ലെന്നായിരുന്നു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ വീമ്പിളക്കിയത്. കശ്മീരില്‍ ജവാനെ ഭീകരര്‍ കഴുത്തറുത്ത് കൊന്ന സംഭവത്തിലായിരുന്നു വാചകമടി. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഈ വര്‍ഷം ജൂലൈ വരെ 90 നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടായെന്ന് രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിര്‍ മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 29 തവണയും.
പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവനയും കുത്തിപ്പൊക്കിയിട്ടുണ്ട്. ഇനിയാരും തന്റെ അനുവാദം കൂടാതെ അതിര്‍ത്തി കടക്കില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും പത്താന്‍കോട്ടില്‍ നടന്നത് അവസാന സംഭവമായിരിക്കുമെന്നുമായിരുന്നു അന്ന് പരീക്കര്‍ പറഞ്ഞത്. ഇത്രയും ആക്രമണങ്ങളുണ്ടായിട്ടും അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ കേന്ദ്രം പൂര്‍ണപരാജയമാണെന്നും മോദിക്കും മന്ത്രിമാര്‍ക്കും വാചകമടി മാത്രമാണ് അറിയാവുന്ന പണിയെന്നും വിമര്‍ശകര്‍ പറയുന്നു.
Keywords: newdelhi-modi-hamidsha-tweet-troll

Post a Comment
0 Comments