Type Here to Get Search Results !

Bottom Ad

ഒ.ഡി.എഫ് പദ്ധതി: കുമ്പളയില്‍ ശുചിമുറി നിര്‍മാണം ഇനിയും തുടങ്ങിയില്ല


കാസര്‍കോട് (www.evisionnews.in): കാസര്‍കോടിനെ തുറസായ സ്ഥലത്ത് മല മൂത്രവിസര്‍ജനം ഇല്ലാത്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി പഞ്ചായത്തു പരിധിയിലെ മുഴുവന്‍ ശുചിമുറികളുടെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരണമെന്ന മന്ത്രി നിര്‍ദ്ദേശം നല്‍കിയെങ്കിലും പല പഞ്ചായത്തുകളിലും ഇതു സംബന്ധിച്ച നടപടികള്‍ തുടങ്ങിയിട്ട് പോലുമില്ല. ഈ മാസം 30നു മുമ്പ് ജില്ലയിലെ ശുചിമുറികളുടെ പൂര്‍ത്തീകരണം ഉറപ്പാക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പഞ്ചായത്ത് അധികാരികളോട് പഞ്ചായത്ത് അവലോകന യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും എഞ്ചിനിയര്‍മാരും ശുചിത്വ മിഷന്‍ പ്രതിനിധികളും ഒരുമിച്ച് ഇതിനു വേണ്ടി ശ്രമിക്കണമെന്നായിരുന്നു നിര്‍ദേശം. 

ഇതിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഇതനുസരിച്ചു പദ്ധതി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജില്ലയില്‍ ആദ്യം പദ്ധതി പൂര്‍ത്തീകരിച്ചുവെന്ന പേരും തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വന്തമാക്കുകയും ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍, മീഞ്ച, ചെറുവത്തൂര്‍, പടന്ന, പിലിക്കോട്, കിനാനൂര്‍ കരിന്തളം എന്നിവയും സമ്പൂര്‍ണ്ണ മലമൂത്ര വിസര്‍ജന മുക്ത ഗ്രാമപഞ്ചായത്തായി ഇതിനകം പ്രഖ്യാപനം നടത്തിയിട്ടുണ്ട്. എന്നാല്‍ കുമ്പള പഞ്ചായത്തില്‍ പദ്ധതി നടത്തിപ്പ് പകുതിപോലുമായിട്ടില്ലാത്ത അവസ്ഥയാണ്. 

കുമ്പള ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകളുള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പൊതു ശുചിമുറി നിര്‍മിക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. നേരത്തെ ഉണ്ടായിരുന്ന ശുചിമുറി ഉപയോഗ ശൂന്യമായതോടെ പൊളിച്ചുമാറ്റി ബസ്റ്റാന്റിനകത്ത് പൊതുജനാവശ്യത്തിന് ശുചിമുറി ഒരുക്കിയിരുന്നു. എന്നാല്‍ ബസ്റ്റാന്റ് കോംപ്ലക്‌സ് സ്ലാബുകള്‍ ജീര്‍ണ്ണിച്ച് അപകട ഭീഷണിയിലായതോടെ ശുചികള്‍ അടച്ചിടുകയായിരുന്നു. പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെത്തുന്നവരുടെ ആശങ്ക അകറ്റാന്‍ ശുചിമുറിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Post a Comment

0 Comments

Top Post Ad

Below Post Ad