ചെമ്മനാട് (www.evisionnews.in): സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും വിദ്യാഭ്യാസ -സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായ ചെമ്മനാട്ടെ പി.എം മുഹ്യദ്ദീന്‍ മാസ്റ്റര്‍ (77) അന്തരിച്ചു. വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി വിശ്രമത്തിലായിരുന്നു.
കണ്ണൂര്‍ ഗവ. ബേസിക് ട്രെയ്നിംഗ് കോളജില്‍ ടീച്ചേര്‍സ് ട്രെയ്നിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ അദ്ദേഹം 1975 ജൂണ്‍ 15ന് ചേരൂര്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 1957 മുതല്‍ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും 62 മുതല്‍ 76 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലും അധ്യാപകനായി ജോലി ചെയ്തു. മുസ്ലിം ഹൈസ്‌കൂളില്‍ എന്‍.സി.സി ഓഫീസറായും എന്‍.സി.സി ഓഫീസറുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിരുന്നു. സ്‌കൂള്‍ ഫുട്ബോള്‍ ടീമിന്റെ മാനേജറായിരുന്നു. 1974ല്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഭക്ഷണ വകുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്നു. ഒ.എസ്.എ കമ്മിറ്റിയിലും സജീവമായിരുന്നു.
76ല്‍ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ചു. ബെണ്ടിച്ചാല്‍ ജി.യു.പി സ്‌കൂളിലായിരുന്നു ഹെഡ്മാസ്റ്ററായുള്ള ആദ്യ നിയമനം. 82 മുതല്‍ 84 വരെ ചെമ്മനാട് ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിലും 84 മുതല്‍ 94 വരെ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും സേവനം ചെയ്തു. 1992ലാണ് സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചത്. കാസര്‍കോട്ട് നടന്ന സംസ്ഥാന ഗെയിംസ് മേളയുടെയും സംസ്ഥാന യുവജന ആഘോഷ കമ്മിറ്റിയുടെയും സംഘാടക സമിതിയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഒരു വര്‍ഷം മുമ്പ് തളങ്കര റഫി മഹല്‍ എന്‍.എ സുലൈമാന്‍ സ്മാരക പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
കെ.എസ്.ജി.ടി.എ., കെ.ജി.പി.ടി. യൂണിയന്‍, ഗവ. പ്രൈമറി സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ തുടങ്ങിയ അധ്യാപക സംഘടനകളില്‍ സബ്ജില്ല, ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നു. കാസര്‍കോട് താലൂക്ക് പബ്ലിക് സര്‍വ്വന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായിരുന്നു. കാസര്‍കോട് ഫ്രൈഡെ ക്ലബ്ബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതരായ കൊരക്കോട് പി. മുഹമ്മദിന്റെയും ദൈനബിയുടെയും മകനാണ്. ഭാര്യ: പരേതനായ കൈന്താര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകള്‍ സൈനബി. മക്കള്‍: പി.എം നസീറ, പി.എം നജ്മ, പി.എം അന്‍വര്‍ (കുവൈറ്റ്), പി.എം നസ്റിന്‍. മരുമക്കള്‍: സി.എല്‍ അബ്ദുല്‍ റഹ്മാന്‍ (ടൈലര്‍, ചെമ്മനാട്), ഷംസുദ്ദീന്‍ സഫിയുല്ലാഹ് കുരുക്കള്‍ ചെമ്മനാട്, സാജു തെരുവത്ത് (സൗദി), സലീന സി.എല്‍. സഹോദരങ്ങള്‍: പി.എം അബ്ദുല്‍ റഹ്മാന്‍ (ഐഡിയല്‍ പ്രിന്റേര്‍സ് കാസര്‍കോട്), പി.എം അബ്ദുല്‍ ഹമീദ് നായന്മാര്‍മൂല, ഖദീജ കൊറക്കോട്, ലൈലമ്മ എസ്.പി നഗര്‍, ഫാത്തിമത്ത് ബീവി ഉദുമ പടിഞ്ഞാര്‍. മയ്യിത്ത് ഉച്ചയോടെ ചെമ്മനാട് ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Post a Comment
0 Comments