കാസര്‍കോട് (www.evisionnews.in): കേരളം ലോകത്തിന് സംഭാവന നല്‍കിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീ നാരായണ ഗുരുദേവനെന്നും അദ്ദേഹത്തെ സ്വന്തമാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം. ചതയദിനമായ വെള്ളിയാഴ്ച പാര്‍ട്ടി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നാരായണ ഗുരു ജയന്തി സന്ദേശത്തിലാണ് ഗുരുവിനെ ഹിന്ദു സന്യാസിയാക്കി അവതരിപ്പിക്കുന്നത്.
പരിഷ്‌കാരത്തിന്റെ പേരില്‍ സംസ്‌കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളി പറയാന്‍ മടി കാണിക്കാത്ത ഇന്നത്തെ കപട 'പുരോഗമന' വാദികള്‍ക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവര്‍ത്തികള്‍. ഗുരു ഉയര്‍ത്തിയ ചിന്തകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കല്‍ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണം.
പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദു ധര്‍മ്മത്തെ നവീകരിച്ച ഗുരുദേവന്‍ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും. അനാചാരങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുമ്പോഴും അത് സ്വധര്‍മ്മത്തിന് എതിരാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തില്‍ നടന്നപ്പോള്‍ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നല്‍കിയത് ഗുരുദേവന്റെ പേരായിരുന്നു. സമ്മേളനത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ മറ്റൊരു ദേശീയ കൗണ്‍സിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയര്‍ത്തുന്നതെന്നും ചതയ ദിന സന്ദേശത്തിലുണ്ട്.
Keywords: Kasaragod-bjp-sri-narayana-guru
Post a Comment
0 Comments