കാസര്‍കോട് (www.evisionnews.in): കാരുണ്യയുടെ ചികിത്സാധനസഹായം മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന മലയാളികള്‍ക്കും ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.
ഇതിനുവേണ്ടി സര്‍ക്കാരിന്റെ പ്രത്യേകാനുമതി തേടുന്നതിന് കാരുണ്യ ബെനവലന്റ് ഫണ്ട്(കെ.ബി.എഫ്) സംസ്ഥാന സമിതി തീരുമാനിച്ചതായി കെ.ബി.എഫ് നോഡല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ധനസഹായം അനുവദിക്കുന്നതിനായി മംഗലാപുരത്തെ ഇന്‍ഡ്യാന ഹോസ്പിറ്റല്‍, യേനപ്പോയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ഫാദര്‍ മുള്ളേഴ്സ് ഹോസ്പിറ്റല്‍, കസ്തൂര്‍ബ മെഡിക്കല്‍ കോളജ്, കെ.എം.സി അനുബന്ധ ആശുപത്രികള്‍ എന്നിവയെ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി കാരുണ്യ ധനസഹായം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന രോഗികള്‍ക്ക് ധനസഹായം ലഭ്യമാക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പ്രത്യേകാനുമതി ലഭിക്കുന്ന മുറയ്ക്ക് ധനസഹായം ലഭ്യമാകുമെന്നും എം.എല്‍.എ അറിയിച്ചു.
Keywords: Kasaragod-news-ks-mla-nellikkunnu

Post a Comment
0 Comments