Type Here to Get Search Results !

Bottom Ad

ഗതാഗതക്കുരുക്കും ജീവനക്കാരുടെ കുറവും കാസര്‍കോട്ട് കെഎസ്ആര്‍ടിസിയുടെ താളംതെറ്റിച്ചു

കാസര്‍കോട് (www.evisionnews.in): ജില്ലാ ആസ്ഥാന നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും ജീവനക്കാരുടെ കുറവും മൂലം കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയുടെ പ്രവര്‍ത്തനം താളംതെറ്റി. ഡിപ്പോയില്‍ 38 കണ്ടക്ടര്‍മാരും 32 ഡ്രൈവര്‍മാരും കുറവാണെന്നാണ് അധികൃത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. തിരുവോണവും പെരുന്നാളും ഉള്‍പ്പെടെയുള്ള വിശേഷദിവസങ്ങള്‍ ഒന്നിച്ചുവതും ജീവനക്കാരുടെ അവധിയും കൂടിയായപ്പോള്‍ സര്‍വീസുകള്‍ മൂക്കുകുത്തി വീഴുകയായിരുന്നു. ഇത് ഡിപ്പോയുടെ പ്രതിദിന വരുമാനത്തെയും ബാധിച്ചു. ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് വരുമാനം വളരെ കുറവായ സര്‍വീസുകള്‍ അധികൃതര്‍ റദ്ദാക്കുകയും ചെയ്തു.

അതിനിടെ ഒരു കണ്ടക്ടറുടെ വിവാഹം മൂലം രണ്ടു ദിവസം കെഎസ്ആര്‍ടിസി ബസ് ഓടിയില്ല. സുള്ള്യയില്‍ നിന്നു പുലര്‍ച്ചെ 5.15നു പുറപ്പെട്ട് കാസര്‍കോട്ട് 6.45നു എത്തുന്ന ബസാണ് മുടങ്ങിയത്. പകരം കണ്ടക്ടറെ കിട്ടാത്തതാണ് കാരണം. രണ്ടു ദിവസം ഈ സര്‍വീസ് ഓടിയില്ല. 

നാലു ജെന്‍ട്രം ഉള്‍പ്പെടെ 84 സര്‍വീസുകളാണ് കാസര്‍കോട് ഡിപ്പോയില്‍നിന്ന് ഓടിക്കുന്നത്. ഡിപ്പോയില്‍ 210 വീതം കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുമാണുള്ളത്. കണ്ടക്ടര്‍മാരില്‍ 15 പേര്‍ വനിതകളാണ്. കടുത്ത അധ്വാനഭാരം സഹിച്ചാണ് ജീവനക്കാര്‍ സര്‍വീസ് നിലനിര്‍ത്താന്‍ പാടുപെടുന്നത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ കാവേരി സമരം കാരണം മുടങ്ങിയപ്പോള്‍ കാസര്‍കോട് മംഗളൂരു റൂട്ടില്‍ മാതൃകാപരമായി സര്‍വീസ് ഓടിച്ചു യാത്രക്കാരെ സഹായിക്കാന്‍ കാസര്‍കോട് ഡിപ്പോയിലെ ജീവനക്കാര്‍ക്കു കഴിഞ്ഞിരുന്നു. 

പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നു നിയമനം നേടിയവരില്‍ പലരും ജോലി ഉപേക്ഷിച്ചു മറ്റു ജോലിയില്‍ പ്രവേശിച്ചതും ഡിപ്പോക്ക് തിരിച്ചടിയായി. കഴിഞ്ഞ മാസം 3.39 കോടിയായിരുന്നു ഡിപ്പോയില്‍ വരുമാനം. ജൂലൈയില്‍ 3.30 കോടിയാണ് ലഭിച്ചത്. യൂണിയന്‍ വ്യത്യാസമില്ലാതെ മുഴുവന്‍ തൊഴിലാളി സംഘടനകളും സര്‍വീസ് കാര്യക്ഷമമായി നടത്തുന്നതിനു സജീവമായി രംഗത്തുള്ളത് മാത്രമാണ് ഇപ്പോഴുള്ള ഏക ആശ്വാസം.

നഗരത്തില്‍ തുടരുന്ന ഗതാഗതക്കുരുക്ക് ബസ് സര്‍വീസിനെ സാരമായി ബാധിക്കുന്നുണ്ട്.കറന്തക്കാട് മുതല്‍ കെഎസ്ആര്‍ടിസി ഡിപ്പോ വരെയുള്ള ഒരു കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ അര മണിക്കൂറാണ് ബസുകള്‍ റോഡില്‍ കുടുങ്ങുന്നത്. കാസര്‍കോട് മംഗളൂരു ബസ് സര്‍വീസുകളുടെ യാത്രാ സമയം 1.35 മണിക്കൂറാണ്. കാസര്‍കോട്ടെ ഗതാഗതക്കുരുക്കു മൂലം രണ്ടു മണിക്കൂര്‍ വേണ്ടി വരുന്നു മംഗളൂരുവിലെത്താന്‍. 

Post a Comment

0 Comments

Top Post Ad

Below Post Ad