Type Here to Get Search Results !

Bottom Ad

കാവേരി തര്‍ക്കം: തമിഴ്നാട്ടില്‍ ബന്ദ് തുടങ്ങി, പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍ കസ്റ്റഡിയില്‍


ചെന്നൈ (www.evisionnews.in): കാവേരി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി. വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ബന്ദ്. ഡിഎംകെ, കോണ്‍ഗ്രസ്, പാട്ടാളി മക്കള്‍ കക്ഷി, തമിഴ് മാനില കോണ്‍ഗ്രസ്, ബിജെപി, സിപിഎം, സിപിഐ പാര്‍ട്ടികളും ചലച്ചിത്ര സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ പിന്തുണയ്ക്കില്ല. ഡിഎംഡികെ നേതാവ് വിജയകാന്ത് നിരാഹാരസമരം നടത്തും. വിടുതലൈ ചിരുതൈ കക്ഷി ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്. 

രാവിലെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തടയലിന് നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡിഎംകെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നു തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെങ്കിലും ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അവധി പ്രഖ്യാപിച്ചു. സിനിമ ചിത്രീകരണം നിര്‍ത്തിവയ്ക്കും. തിയറ്ററുകളില്‍ രാവിലെയും ഉച്ചയ്ക്കുമുള്ള പ്രദര്‍ശനങ്ങള്‍ റദ്ദാക്കി. കര്‍ണാടകയ്‌ക്കെതിരെ ചിലയിടങ്ങളില്‍ ഇന്നലെയും പ്രതിഷേധങ്ങള്‍ നടന്നു.

ചെന്നൈയില്‍ കര്‍ണാടകയ്‌ക്കെതിരെയുള്ള നാം തമിഴര്‍ കക്ഷിയുടെ റാലിക്കിടെ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഓഫിസിനുനേരെ കല്ലേറുണ്ടായി. ഈറോഡിനു സമീപം ചിറ്റോട് വസ്ത്രങ്ങള്‍ കയറ്റി കൊണ്ടുപോയ ലോറിക്കു തീയിട്ടു. സംയുക്ത കര്‍ഷക സംഘം അടക്കം വിവിധ കര്‍ഷക സംഘടനകള്‍ ഇന്നത്തെ ബന്ദില്‍ പങ്കെടുക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ നേരിട്ടു നടത്തുന്ന ഔട്ട്ലെറ്റുകള്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മറ്റു പെട്രോള്‍ ബങ്കുകള്‍ അടച്ചിടുമെന്നു തമിഴ്‌നാട്ടിലെ ഡീലര്‍മാര്‍ അറിയിച്ചു. 


Keywords: Karnataka-tamilnadu-news-kaveri-custody-band

Tags

Post a Comment

0 Comments

Top Post Ad

Below Post Ad