ന്യൂഡല്‍ഹി (www.evisionnews.in): തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ ദലിതര്‍ ഉരുട്ടുന്ന ആചാരം നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ആചാരത്തിന്റെ പേരില്‍ ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ ദലിതര്‍ ഉരുളുന്നത് മനുഷ്യത്വരഹിതവും അന്ധവിശ്വാസം നിറഞ്ഞതുമാണെന്ന് സാമൂഹ്യനീതി മന്ത്രാലയം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
കര്‍ണാടകയിലെ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ഉഡുപ്പി ക്ഷേത്രത്തിലും തമിഴ്നാട്ടിലെ നെരൂര്‍ സദാശിവ ക്ഷേത്രത്തിലുമാണ് ഈ ആചാരം നടക്കുന്നത്. മതവിശ്വാസത്തിന്റെ പേരില്‍ ദുരാചാരത്തെ അനുകൂലിക്കാന്‍ കഴിയില്ലെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി. ആചാരം മനുഷ്യന്റെ അന്തസ് ചോദ്യം ചെയ്യുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബ്രാഹ്മണര്‍ കഴിച്ച ഇലയില്‍ ഉരുളുന്നത് വിശ്വാസികള്‍ സ്വമേധയാ ചെയ്യുന്ന കാര്യമാണെന്ന് ആചാരത്തെ അനുകൂലിക്കുന്നവര്‍ വാദിച്ചു. ആചാരം പാലിക്കുന്നതില്‍ ജാതി പരിഗണന ഇല്ലെന്നും അനുകൂല വിഭാഗം പറയുന്നു. ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ ഉരുണ്ടാല്‍ ത്വക്ക് രോഗങ്ങള്‍ മാറുമെന്നും വിവാഹ തടസവും വന്ധ്യതയും മാറുമെന്നാണ് വിശ്വാസം. ഈ വാദത്തിന് കര്‍ണാടകയിലെ സംഘ്പരിവാര്‍ ഒന്നടങ്കം പിന്തുണക്കുന്നുണ്ട്. ഇതിനെതിരെ മഡെ..മഡെ സ്‌നാന എന്ന പേരിലാണ് എച്ചില്‍ ഇലയില്‍ ദലിതര്‍ ഉരുളുന്ന ദുരാചാരം വര്‍ഷങ്ങളായി കര്‍ണാടകയില്‍ തുടരുന്നത്. ഇതിനെതിരെ കര്‍ണാടകയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രത്യക്ഷ സമരം തുടരുന്നതിനിടയിലാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
കേരളത്തില്‍ വെള്ളാപ്പള്ളി നടേശന്‍ കാസര്‍കോട് നിന്ന് ആരംഭിച്ച ധര്‍മരക്ഷായാത്രയുടെ ഉദ്ഘാടനത്തിന് ദുരാചാരത്തിന് നേതൃത്വം നല്‍കുന്ന സ്വാമിജി സംബന്ധിച്ച വേളയിലും എച്ചില്‍ ഇലയില്‍ ഉരുളുന്നതിനെതിരെ വന്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
Post a Comment
0 Comments