ഉപ്പള (www.evisionnews.in): മംഗല്‍പാടി പഞ്ചായത്തിലേക്ക് വിവിധ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി കൊടുത്ത കേസിന്റെ അന്വേഷണം പോലീസ് ശക്തമാക്കി. രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി കൊടുത്ത പ്രതികള്‍ ഒളിവിലാണ്. ഇവരെ തെരയുന്നു. ഗള്‍ഫിലേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം വ്യാജന്റെ ഉറവിടമായ ബന്തിയോട്ടെ അക്ഷയ കേന്ദ്രവും പഞ്ചായത്ത് ഓഫീസ് പരിസരത്തെ സര്‍വീസ് സെന്ററും മഞ്ചേശ്വരം പോലീസ് നേരിട്ടെത്തി പൂട്ടിച്ചു. ഈ രണ്ട് സ്ഥാപനങ്ങളിലും വീണ്ടും പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു. ഇതിന്റെ ഉടമകളെയും ജീവനക്കാരെയും ചോദ്യം ചെയ്യും. രാഷ്ട്രീയ ബന്ധമുള്ളവരാണ് കേസിലെ പ്രതികള്‍. ഒരാള്‍ മുന്‍ പഞ്ചായത്തംഗവും കൂടിയാണ്. ഇവര്‍ വിതരണം ചെയ്ത വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തിച്ച് കാര്യം നേടിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് കേസില്‍ കൂടുതല്‍ പ്രതികളും സ്ഥാനംപിടിക്കും.
നിലവില്‍ എട്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിട്ടുള്ളത്. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി പഞ്ചായത്ത് ഓഫീസില്‍ നല്‍കിയതിനാണ് കേസ്. പഞ്ചായത്ത് സെക്രട്ടറി ടി. പവിത്രന്‍ നല്‍കിയ പരാതിയിലാണ് മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിദായത്ത് നഗറിലെ മുഷ്താഖ് മന്‍സിലില്‍ നൈനാസ് ബാനു, ഇഖ്ബാല്‍, ഷിറിയയിലെ മറിയ ഷൈനി, ഫാത്തിമ സുഹ്‌റ, ഖൈറുന്നീസ, ഇബ്രാഹിം, ബീഫാത്തിമ, ഹസീന എന്നിവര്‍ക്കെതിരെയാണ് കേസ്. ജനന സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്തി വ്യാജമായുണ്ടാക്കി ഒറിജിനലാണെന്ന വ്യാജേന മറ്റ് അപേക്ഷകള്‍ക്കായി സമര്‍പ്പിച്ചെന്നാണ് കേസ്. പഞ്ചായത്ത് ഓഫീസില്‍ ലഭിച്ച മൂന്ന് അപേക്ഷകളില്‍ ഹാജരാക്കിയിട്ടുള്ള ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടാണ് പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കിയത്. പ്രതികളായവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്തവരെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.
Keywords: Mangalpady-panchayath-fake-cirtificate-news-akshaya-centre-closed
Keywords: Mangalpady-panchayath-fake-cirtificate-news-akshaya-centre-closed
Post a Comment
0 Comments