Type Here to Get Search Results !

Bottom Ad

പിണറായിയുടെയും കോടിയേരിയുടെയും ശ്രീമതിയുടെയും മക്കളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം: ബി.ജെ.പി


തിരുവനന്തപുരം (www.evisionnews.in): മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെയും മക്കളുടെ ബിസിനസ് സാമ്രാജ്യങ്ങളെ സംബന്ധിച്ചും സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് അന്വേഷണം നടത്തണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ഫേസ് ബുക്ക് ബുക്ക് പോസ്റ്റിലാണ് പിണറായിയുടെയും ശ്രീമതിയുടേയും ഉള്‍പ്പെടെ നിരവധി സിപിഐ(എം) നേതാക്കളുടെ സമ്പത്തിന്റെ വിവരങ്ങളും അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സിന്റെ നടപടിയെ സ്വാഗതം ചെയ്യാനും ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്താനുമാണ് ഈ കത്ത്. ഇപ്പോള്‍ നടക്കുന്നത് മാത്രമല്ല യു.ഡി.എഫിലെ മറ്റുപല നേതാക്കളുടെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ചും വിജിലന്‍സ് കാര്യമായ പരിശോധന നടത്തേണ്ടതുണ്ട്. അതുകൊണ്ട് യു.ഡി.എഫില്‍ ആരോപണ വിധേയരായ മറ്റു നേതാക്കളുടെ ബിനാമികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.

താങ്കള്‍ നടത്തുന്ന വലിയ ശ്രമത്തിന്റെ ഭാഗമായി, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിന്റെ നേതാക്കളുടേയും അവരുടെ ബന്ധുക്കളുടേയും സ്വത്തുവിവരങ്ങളെ സംബന്ധിച്ചും അന്വേഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിപിഐ(എം). നേതാക്കളേയും അവരുടെ മക്കളേയും ബന്ധുക്കളേയും കുറിച്ച് മുന്‍കാലങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള നിരവധിയായ ആരോപണങ്ങള്‍ താങ്കളുടേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമെന്നു കരുതുന്നു.

ഇതില്‍ പ്രധാനം സിപിഐ(എം). സംസ്ഥാന സെക്രട്ടറിയും ഒരു തവണ കേളത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക സ്രോതസുകളും വന്‍കിട ബിസിനസുകളും സംബന്ധിച്ചതാണ്. രാഷ്ട്രീയ നേതാവു മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ച് മറ്റൊരു തൊഴിലിലും ഏര്‍പ്പെടാതെതന്നെ പെട്ടെന്ന് വന്‍കിട ബിസിനസുകളിലേക്ക് പോകുകയായിരുന്നു. ചെറിയ സമയത്തിനുള്ളിലാണ് ഇവര്‍ കോടികള്‍ മുടക്കി വന്‍കിട ബിസിനസുകളിലേക്ക് കടന്നത്.

കോടിയേരിയുടെ ഇളയ മകന്‍ ഒരു മലയാളി വ്യവസായിയുടെ കമ്പനിയിലെ വൈസ് പ്രസിഡന്റായിരുന്നു. കോടിയേരിയുടെ മൂത്തമകനും വിദേശത്ത് വന്‍ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയെടുത്തുകഴിഞ്ഞു. ഇത്തരത്തില്‍ വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലേക്ക് കോടിയേരിയുടെ മക്കളെ എത്തിച്ച സാമ്പത്തിക സ്രോതസ് എന്താണെന്നതിനെക്കുറിച്ച് താങ്കളുടെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നു പ്രതീക്ഷിക്കട്ടെ. അതുപോലെതന്നെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മകന്‍ ബര്‍മിങ്ഹാം സര്‍വകലാശാലയിലാണ് എം.ബി.എ. പൂര്‍ത്തിയാക്കിയത്.

ഇപ്പോള്‍ കേരളത്തിലെ വ്യവസായ മന്ത്രിയായ ഇ.പി. ജയരാജന്റെ മകനും വിദേശത്ത് വന്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുകയാണെന്നും വിവരമുണ്ട്. മുന്‍ മുഖ്യമന്ത്രിയായ വി എസ്. അച്യുതാനന്ദന്റെ മകന്റെ പേരില്‍ അരഡസനോളം കേസുകളുണ്ട്. ഇവയെല്ലാം വളരെ ഗുരുതരവുമാണ്.

കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ചക്കിട്ടപ്പാറയില്‍ ഖനനാനുമതിക്കായി ഒരു സ്വകാര്യ കമ്പനിയില്‍നിന്നും വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന്, പണം കൊണ്ടുപോയ എളമരം കരീമിന്റെ കാര്‍ ഡ്രൈവര്‍തന്നെ മാദ്ധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ഇത് കേരളമാകെ ചര്‍ച്ച ചെയ്ത വിഷയമായതിനാല്‍ താങ്കള്‍ അറിയാതിരിക്കാന്‍ തരമില്ല. ഇതുമായി ബന്ധപ്പെട്ട് പരാതിയുയരുകയും വിജിലന്‍സ് അന്വേഷണം നടത്തുകയും ചെയ്തു. പക്ഷേ യു.ഡി.എഫ്. സര്‍ക്കാര്‍തന്നെ ഈ അന്വേഷണം അട്ടിമറിച്ചു. ഇതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇവയില്‍ പലതും പരസ്യമായ രഹസ്യമാണെങ്കിലും ഇതുവരെ ഒരു സര്‍ക്കാരും ഇക്കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. രാഷ്ട്രീയക്കാരിലെ അഴിമതിക്കാരെ കുടക്കാനായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്ന താങ്കള്‍ളുടെ ശ്രദ്ധയിലേക്കാണ് ഇക്കാര്യങ്ങള്‍ ഞാന്‍ രേഖാമൂലം സമര്‍പ്പിക്കുന്നത്. ഇവ പരിശോധിക്കാന്‍ അങ്ങ് തയാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad