Type Here to Get Search Results !

Bottom Ad

ബിജെപി വനിതാ നേതാവിനെ അപായപ്പെടുത്താന്‍ ശ്രമം: ഓട്ടോറിക്ഷ കണ്ടെത്താനായില്ല

തിരുവനന്തപുരം (www.evisionnews.in): ബിജെപി വനിതാ നേതാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ ഓട്ടോറിക്ഷ കണ്ടെത്താനാവാത്ത പോലീസ് നടപടിക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കി. അപകടം ആസൂത്രിതമെന്ന് ബിജെപി ആരോപിച്ചു. 

തിങ്കളാഴ്ച രാവിലെ 11ന് നിയമസഭാ സാമാജികരുടെ മന്ദിരത്തിന് മുന്നിലാണ് സംഭവം. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ബിജെപി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് മൊട്ടമൂട് പറമ്പുക്കോണം നാരായണീയത്തില്‍ രശ്മി സുരേഷിനെയാണ് ഉത്രാട തലേന്ന് അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയത്. രശ്മിയെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു.

സവാരിക്കാരില്ലാതെ വഞ്ചിയൂര്‍ ഭാഗത്തുനിന്ന് വന്ന ഓട്ടോയാണ് രശ്മിയുടെ സ്‌കൂട്ടറിനെ നേര്‍ക്കുനേര്‍ വന്ന് ഇടിച്ചു വീഴ്ത്തിയത്. കുന്നുകുഴിയിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് പോവുകയായിരുന്നു രശ്മി. അപകടം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാഫിക് പോലീസ് സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റ് റോഡില്‍ കിടന്ന രശ്മിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല. 

ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നിന്നു വിവരമറിഞ്ഞെത്തിയവരും നാട്ടുകാരും ചേര്‍ന്നാണ് ബോധരഹിതയായി കിടന്ന രശ്മിയെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ രശ്മിയുടെ കൈകാലുകള്‍ക്ക് ഒടിവും ദേഹമാസകലം ചതവുമുണ്ട്. സംഭവസ്ഥലത്ത് സുരക്ഷാ ക്യാമറകള്‍ ഉണ്ടായിരുന്നിട്ടും രശ്മിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവറെ കണ്ടെത്താനോ രശ്മിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കാനോ പോലീസ് ഇതേവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ രശ്മി നേമം ബ്ലോക്ക് പഞ്ചായത്തിലെ പള്ളിച്ചല്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. സിപിഎമ്മിന് നിര്‍ണ്ണായക സ്വാധീനമുള്ള ഇവിടെ രശ്മിയുടെ സ്ഥാനാര്‍ത്ഥിത്വം ഇടത് ക്യാമ്പിന് വെല്ലുവിളിയായി. തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ദയനീയമായി പരാജയപ്പെട്ടു. ഇതോടെ സിപിഎം പ്രവര്‍ത്തകര്‍ക്ക് തന്നോട് പകയുണ്ടായതായി രശ്മി പറയുന്നു. 


Keywords; Kerala-news-accident-murder-attempt-bjp-leader
Tags

Post a Comment

0 Comments

Top Post Ad

Below Post Ad