Type Here to Get Search Results !

Bottom Ad

വാക്കേറ്റവും ബഹളവും, കൗണ്‍സില്‍ യോഗം പാതിവഴിക്ക് പിരിഞ്ഞു: എം.എസ്.എഫ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു


കാസര്‍കോട് (www.evisionnews.in): നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച ഉപ്പളയില്‍ ചേര്‍ന്ന എംഎസ്എഫ് ജില്ലാ കൗണ്‍സില്‍ യോഗം അംഗങ്ങളുടെ ഇറങ്ങിപ്പോക്കും ബഹളവും മുലം പാതിവഴിക്ക് മുടങ്ങി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൗണ്‍സില്‍ അലസിപ്പിരിയാനിടയാക്കിയത്. 

ഇതേതുടര്‍ന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ടു. ഇനി മുസ്ലിംലീഗ് നേതൃത്വം ഇടപെട്ട് സമവായമുണ്ടാക്കുന്നത് വരെ എംഎസ്എഫിന് (www.evisionnews.in)ജില്ലയില്‍ പുതിയ നേതൃത്വമുണ്ടാകില്ല. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത് അതീവഗുരുതരമായ പ്രശ്നമാണെന്ന് വിവിധ മണ്ഡലം ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് തുടങ്ങേണ്ട കൗണ്‍സില്‍ ഏറെ വൈകിയിട്ടും തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനകനായ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയി. തുടര്‍ന്ന് രാത്രി പതിനൊന്ന് മണിവരെ കൗണ്‍സില്‍ നീണ്ടെങ്കിലും ഫലമുണ്ടായില്ല. കാസര്‍കോട് മണ്ഡലം ഭാരവാഹിയായ അനസ് എതിര്‍ത്തോടിനെ ജനറല്‍ സെക്രട്ടറിയാക്കാനായിരുന്നു ധാരണ. എന്നാല്‍ താല്‍പര്യക്കുറവ് മൂലം അനസ് പിന്മാറി. അതിനിടെ നിലവില്‍ വൈസ് പ്രസിഡണ്ടായ സി.ഐ.എ ഹമീദിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് ആവശ്യം ഉയര്‍ന്നുവന്നതോടെ കാസര്‍കോട് മണ്ഡലത്തിലെ തന്നെ ഭൂരിപക്ഷം അംഗങ്ങളും(www.evisionnews.in) ശക്തമായി രംഗത്ത് വന്നു. മറ്റു മണ്ഡലം കമ്മിറ്റികളും ഈ ആവശ്യത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ മഞ്ചേശ്വരം മണ്ഡലം നേതൃത്വം ഇര്‍ഷാദ് മൊഗ്രാലിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങി. ഈ ആവശ്യത്തെ മൂന്ന് മണ്ഡലം കമ്മിറ്റികള്‍മാത്രം പിന്തുണച്ചു. ഉദുമയും ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് വേണ്ടി ആവശ്യമുന്നയിച്ചു. ഇതോടെ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും ഭാരവാഹിയെ നല്‍കാനാവാതെ കൗണ്‍സില്‍ യോഗം ശബ്ദ കലുഷിതമായി. പുതിയ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചതോടെ മഞ്ചേശ്വരം -കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഇതോടെ കൗണ്‍സില്‍ യോഗത്തിന് ലക്ഷ്യം കാണാതെ തിരശ്ശീല വീഴുകയായിരുന്നു.

കഴിഞ്ഞ എം.എസ്.എഫ് സമ്മേളനത്തിന്റെ സ്വാഗതസംഘം പിരിച്ചുവിടാത്തതും അതിന്റെ വരവ് -ചെലവ് കണക്ക് (www.evisionnews.in)അവതരിപ്പിക്കാനും ചാരിറ്റീ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് വെക്കാത്തതും ശബ്ദായമാനമായ രംഗങ്ങള്‍ക്കിടെ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി പൊന്തിവരികയും ചെയ്തു. ഇനി ജില്ലാ മുസ്ലിംലീഗ് നേതൃത്വം അനുരഞ്ജന ചര്‍ച്ചയിലൂടെ പുതിയ എംഎസ്എഫ് നേതൃത്വത്തെ തെരഞ്ഞെടുക്കാതെ മറ്റു പോംവഴിയില്ലെന്നാണ് സംഘടനക്കുള്ളിലെ പൊതുവിലയിരുത്തല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad