Type Here to Get Search Results !

Bottom Ad

മുളിയാറിലെ എന്‍ഡോസള്‍ഫാന്‍ ചികിത്സാ കേന്ദ്രം അനിശ്ചിതമായി നീളുന്നു


ബോവിക്കാനം (www.evisionnews.in) : എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മാണം  അനിശ്ചിതമായി നീളുന്നു. കെട്ടിട നിര്‍മാണത്തിനുള്ള പണം അനുവദിച്ചിട്ടു നാലു വര്‍ഷം കഴിഞ്ഞിട്ടും ഇതേവരെ സാങ്കേതികാനുമതി ലഭിച്ചിട്ടില്ല. അടുത്ത മാര്‍ച്ചില്‍ പാക്കേജ് അവസാനിക്കാനിരിക്കെ ഉടന്‍ പണി തുടങ്ങിയില്ലെങ്കില്‍ പദ്ധതി ഇല്ലാതാകും.
നബാര്‍ഡിന്റെ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ പാക്കേജിലാണ് മുളിയാര്‍ സിഎച്ച്‌സിക്കു പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ രണ്ടുകോടി പത്തുലക്ഷം രൂപ അനുവദിച്ചത്. 2012ല്‍ അംഗീകാരം ലഭിച്ച ഈ പദ്ധതിക്ക് അപ്പോള്‍ തന്നെ സര്‍ക്കാര്‍ ഭരണാനുമതിയും നല്‍കിയെങ്കിലും ഇതേവരെയായി നിര്‍മാണം തുടങ്ങാനായിട്ടില്ല.
കെട്ടിട നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റിനു തദ്ദേശഭരണവകുപ്പ് ചീഫ് എന്‍ജിനീയറുടെ സാങ്കേതികാനുമതി ലഭിക്കാത്തതാണ് നിര്‍മാണം വൈകാന്‍ കാരണം.ഇതിനൊപ്പം പണം അനുവദിച്ച മുള്ളേരിയ, കിന്നിങ്കാര്‍ പിഎച്ച്‌സികളുടെ നിര്‍മാണം മൂന്നു വര്‍ഷം മുന്‍പു പൂര്‍ത്തിയായയിരുന്നു. 

 തദ്ദേശഭരണവകുപ്പ് അസി. എന്‍ജിനീയര്‍ക്കാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മാണപ്രവൃത്തികളുടെയും നിര്‍വഹണചുമതല. മുളിയാര്‍ പഞ്ചായത്തില്‍ അസി. എന്‍ജിനീയര്‍ ഇല്ലാതായിട്ടു മൂന്നു വര്‍ഷം പിന്നിട്ടു. കാസര്‍കോട് ബ്ലോക്കിലെ അസി. എന്‍ജിനീയര്‍ക്കു മുളിയാറിന്റെ അധിക ചുമതല നല്‍കിയിരിക്കുകയാണിപ്പോള്‍. തദ്ദേശഭരണ വകുപ്പിനു സ്വന്തമായി ഡിസൈന്‍ വിങ് ഇല്ലാത്തതിനാല്‍ എല്‍ബിഎസാണ് ഇവര്‍ക്കുവേണ്ടി ഡിസൈന്‍ തയാറാക്കുന്നത്. 2014ല്‍ ഡിസൈന്‍ തയാറാക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഈ വര്‍ഷമാണ് ഡിസൈന്‍ ലഭിച്ചത്.

ഇതിനു ശേഷം എസ്റ്റിമേറ്റ് പുതുക്കി ഉടന്‍ തന്നെ സാങ്കേതികാനുമതിക്കായി ചീഫ് എന്‍ജിനീയര്‍ക്കു സമര്‍പ്പിച്ചെങ്കിലും അനുമതി വൈകുകയാണ്. പെട്ടെന്നു തന്നെ നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ അടുത്ത മാര്‍ച്ചു മാസത്തിനു മുന്‍പു പണി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. മാര്‍ച്ചു മാസത്തില്‍ പാക്കേജ് അവസാനിപ്പിക്കാനുള്ള നടപടികളുമായാണ് നബാര്‍ഡ് മുന്നോട്ടുപോകുന്നത്.

അതേസമയം സിഎച്ച്‌സിക്കു പുതിയ കെട്ടിടമെന്ന മുളിയാറിന്റെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രമായിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചിരുന്ന അതേ കെട്ടിടത്തിലാണ് എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ഈ ആതുരാലയം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കോണ്‍ക്രീറ്റ് തകര്‍ന്നതും കാലപ്പഴക്കവും കാരണം ചോര്‍ന്നൊലിക്കുന്ന ഈ കെട്ടിടം തകര്‍ച്ചാഭീഷണി നേരിടുകയാണ്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇനിയും ഉണര്‍ന്നില്ലെങ്കില്‍ പുതിയ കെട്ടിടം സ്വപ്‌നം മാത്രമായിതീരും.

Keywords: Muliyar-endosulphan-

Post a Comment

0 Comments

Top Post Ad

Below Post Ad