സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ (വത്തിക്കാന്‍) (www.evisionnews.in) : കരുണ്യ വര്‍ഷപ്രവാഹം അലയടിച്ച അന്തരീക്ഷത്തില്‍ ത്യാഗത്തിന്റെയുംയ സ്‌നേഹത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയു മഹാപ്രതീകമായ ഇന്ത്യയുടെ മദര്‍ തെരേസയെ വിശുദ്ധയായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വിശുദ്ധ പ്രഖ്യാപനം നടത്തിയത്. ഇതോടെ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദര്‍ തെരേസ ലോകമെങ്ങും അറിയപ്പെടുന്നത്. സാര്‍വത്രിക സഭയ്ക്ക് ഇനി മദറിനെ വണങ്ങാം.
മദര്‍ തെരേസ വിശുദ്ധ പദവിക്ക് അര്‍ഹയാണെന്നും പ്രഖ്യാപനം നടത്തണമെന്നും മാര്‍പാപ്പയോട് കര്‍ദിനാള്‍ ആഞ്ചലോ അഭ്യര്‍ഥിച്ചു. മദറിന്റെ ലഘുജീവചരിത്രവും വായിച്ചു. 31 വിശുദ്ധരോട് അപേക്ഷ അര്‍പ്പിക്കുന്ന ലുത്തിനിയ നടന്നു. തുടര്‍ന്ന് സിസ്റ്റര്‍ ക്ലെയര്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയില്‍ മദറിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചു.
കാരുണ്യവര്‍ഷത്തിനുവേണ്ടി പ്രത്യേകം തയാറാക്കിയ പ്രവേശന ഗാനത്തോടെയാണു ചടങ്ങുകള്‍ക്കു തുടക്കമായത്. അല്‍ബേനിയ, ഫ്രഞ്ച്, ബംഗാളി, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷകളില്‍ മധ്യസ്ഥ പ്രാര്‍ഥന ചൊല്ലും. മദര്‍ തെരേസയുടെ കൂറ്റന്‍ ചിത്രം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുഖ്യകവാടത്തിനു മുകളില്‍ സ്ഥാപിച്ചു. ശനിയാഴ്ച വൈകിട്ടു ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്ത പ്രബോധന പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണു പങ്കെടുത്തത്. ഇന്ത്യയുടെ ദേശീയപതാകയുമായി എത്തിയവരില്‍ വിദേശികളുമുണ്ടായിരുന്നു. അഗതികളുടെ അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണെത്തിയത്.
വിശുദ്ധ പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ എത്തിയ ഔദ്യോഗിക സംഘത്തെ റോമിലെ വിമാനത്താവളത്തില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സംഘം (സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സ്വീകരിച്ചു. സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ സിബിസിഐയിലെ മുപ്പത്തഞ്ചോളം മെത്രാന്മാരും വത്തിക്കാനിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മദര്‍ തെരേസയുടെ 19 -ാം ചരമവാര്‍ഷികദിനമാണ്.
Keywords: Madar-theressa-vishudha



Post a Comment
0 Comments