Type Here to Get Search Results !

Bottom Ad

അക്കാഡമിയന്‍സിന് മറക്കാനാവുമോ ഷിഫാറത്തിനെ?

 ഖയ്യൂം മാന്യ


ചാരിറ്റി:2013 നവംബര്‍ 15, അത് ഷിഫാറത്തിന്റെ ജീവിതത്തില്‍ ആഹ്ലാദം കൊണ്ടെഴുതിയ ദിവസമായിരുന്നു. അന്നാണ്, ഏറെക്കാലത്തിന് ശേഷം ഫുഡ്ബോളിന്റെ ഈറ്റില്ലമായ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബ് ജില്ലാ സൂപ്പര്‍ ഡിവിഷനില്‍ ചാമ്പ്യന്മാരായത്. വിജയം കൊണ്ട് വന്ന അവസാനഗോളിന് വഴിയൊരുക്കിയത്, ത്രസിപ്പിക്കുന്ന വേഗതയുമായി കളം നിറഞ്ഞ് കളിച്ച ഷിഫാറത്തിന്റെ സുവര്‍ണപാദുകങ്ങളായിരുന്നു.

19 വയസിനുള്ളില്‍ കേമന്മാര്‍ വാഴുന്ന മൊഗ്രാലിലെ എണ്ണം പറഞ്ഞ ഫോര്‍വേഡര്‍മാരില്‍ ഒരാളായി അവന്‍ മാറി. കളി ക്ലാസുകളേക്കാളും പ്രധാനമെന്ന് കരുതുന്ന കുമ്പള അക്കാഡമിയിലേക്കെത്തിയതോടെ കളിക്കളമായി അവന്റെ ലോകം. ജില്ലക്കകത്ത് മാത്രമല്ല കര്‍ണാടകയില്‍ നിന്ന് പോലും വിജയകിരീടങ്ങള്‍ ഷിഫാറത്ത് അക്കാഡമിയുടെ ഷെല്‍ഫിലേക്ക് കൊണ്ട്വന്നു. ഡിവിഷന്‍ ഫൈനലിന്റെ തലേദിവസമായിരുന്നു, മംഗലാപുരത്ത് നൈജീരിയന്‍ താരങ്ങളുടെ പ്രതിരോധത്തെ മറികടന്ന് മറക്കാനാവാത്ത രണ്ട് ഗോളുകള്‍ അവന്‍ അടിച്ച് കൂട്ടിയത്.(www.evisionnews.in)

അനുഗ്രഹീതമായിരുന്നു അവന്റെ കാലുകള്‍. വേഗതയും ഡ്രിബ്ലിംഗും അല്ലാഹുവിന്റെ സമ്മാനം പോലെ അവന് ജന്മസിദ്ധമായിരുന്നു. കളത്തിന് പുറത്ത് വിനയം നിറഞ്ഞ പെരുമാറ്റം കൊണ്ട് അവന്‍ പിന്നെയും അത്ഭുതപ്പെടുത്തി. ഷിഫാറത്തില്ലാതെ അക്കാഡമിക്കൊരു ആഘോഷമുണ്ടായിരുന്നില്ല. ഗെയിംസില്‍ ആരും കൊതിക്കുന്ന വീരനായകാനായി, ആര്‍ട്സില്‍ ഖലീല്‍ സാറിനൊപ്പം സംഘാടകരിലൊരാളായി, അവന്‍ കുമ്പളയുടെ പരിസരങ്ങളില്‍ എപ്പോഴുമുണ്ടായിരുന്നു.(www.evisionnews.in)

ഡിവിഷന്‍ ഫൈനലിന്റെ പിറ്റേ ദിവസം, അക്കാഡമിയുടെ ഗെയിംസ് വേദിയിലേക്ക് പോകുമ്പോഴാണ് അവന്റെ വിധി മാറിമറിഞ്ഞത്. നിയന്ത്രണം തെറ്റി വന്ന ഇന്നോവ ബൈക്കിലിടിച്ചതും, പിന്‍സീറ്റിലിരുന്ന ഷിഫാറത്ത് തെറിച്ച് വീണതും ഒരുമിച്ചായിരുന്നു. ആദ്യം ഇന്നോവയുടെ മുകളിലും അവിടെ നിന്ന് റോഡിലുമായി ആ കുഞ്ഞുശരീരം ഞെരിഞ്ഞമര്‍ന്നു. ബോധം നഷ്ടപ്പെട്ട് അത്യാഹിതവിഭാഗത്തില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ മല്ലിടിച്ച നാളുകള്‍. ഒരു നാടും അക്കാഡമിയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അവന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്ത് നിന്നു. കണ്ണ് നിറഞ്ഞ പ്രാര്‍ത്ഥനകളുടെ സ്നേഹച്ചിറകിലേറി അവന്‍ മരണത്തെ അതിജീവിച്ച് വരിക തന്നെ ചെയ്തു. പക്ഷെ, അപ്പഴേക്കും ഒന്നെഴുന്നേറ്റ് നില്‍ക്കാന്‍, കാലൊന്ന് ചലിപ്പിക്കാന്‍ കഴിയാത്ത വിധം ഷിഫാറത്തിന്റെ നട്ടെല്ലില്‍ തളര്‍ച്ച സംഭവിച്ച് കഴിഞ്ഞിരുന്നു.

കുടുംബത്തിന് തണലായി മാറേണ്ടിയിരുന്ന, നാടിനും കോളേജിനും അഭിമാനമായി വളരേണ്ടിയിരുന്ന നല്ല പ്രായത്തിലാണ് ചെയ്യാത്ത തെറ്റിന്റെ പാപഭാരവുമായി അവന്‍ കിടക്കപ്പായയിലായത്. 2013 ന് ശേഷം മൊഗ്രാല്‍ പിന്നെയും സൂപ്പര്‍ ഡിവിഷനില്‍ കളിച്ചു, സര്‍വകലാശാല ഫുഡ്ബോളില്‍ അക്കാഡമി ചരിത്രത്തിലാദ്യമായി ചാമ്പ്യന്മാരായി. അപ്പോഴൊക്കെയും വീല്‍ച്ചെയറില്‍ ഒന്നങ്ങാന്‍ പോലുമാവാതെ ഷിഫാറത്ത് എല്ലാം വേദനയോടെ കേട്ട് നിന്നു. സഹിക്കുകയല്ലാതെ മറ്റൊന്നും അവന് ചെയ്യാനാവില്ലല്ലോ!(www.evisionnews.in)

നട്ടെല്ലിലേക്കുള്ള ഏത് ഞരമ്പിലാണ് തടസമെന്ന് കണ്ട് പിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തികപരാധീനതയുടെ നൊമ്പരങ്ങള്‍ക്കിടയിലും കുടുംബം ഷിഫാറത്തിനെ കൊണ്ട് പോകാത്ത ഇടങ്ങളില്ല. എറണാകുളത്തും കോയമ്പത്തൂരും അങ്ങനെ മോനെ രക്ഷപ്പെടുത്താന്‍ ഒരാള്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍. പതിനാല് ലക്ഷത്തോളം രൂപ ചികിത്സക്കായി ചിലവായി. ആ തുകയുടെ നല്ലൊരു ഭാഗവും നല്‍കി കുമ്പള അക്കാഡമി സാന്ത്വനവുമായി അവന് കൂട്ട് നിന്നു.(www.evisionnews.in).

Contact: Razzak Academy:9895041637, Kaleel Mash:9895609640

keywords :kumbala-academy-shifarath-help-fund

Post a Comment

0 Comments

Top Post Ad

Below Post Ad