Type Here to Get Search Results !

Bottom Ad

സി.എച്ച്: ആര്‍ദ്രമായ സ്‌നേഹസ്പര്‍ശം-ടി.ഇ അബ്ദുള്ള



(www.evisionnews.in) മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ഭൂമികയില്‍ എത്തിപ്പെടുന്ന ആരോടും നീ ആരായിത്തീരാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചാല്‍ അധികമൊന്നും ആലോചിക്കാതെ കിട്ടുന്ന ഒരു മറുപടിയുണ്ട്. എനിക്ക് സി.എച്ചിനെപ്പോലെ ആവാനാണ് ആഗ്രഹമെന്ന്. ഒരു തലമുറയെ ഇത്രയധികം വശീകരിച്ച വ്യക്തി കഴിഞ്ഞ നൂറുവര്‍ഷത്തിനകം കേരളത്തില്‍ വേറെ ഏറെ ഉണ്ടായിക്കാണില്ല. അക്കാലത്ത് പ്രസംഗിച്ചു തുടങ്ങുന്നവര്‍ പോലും സി.എച്ചിനെ അനുകരിക്കുക പതിവായിരുന്നു. 

(www.evisionnews.in) ഓര്‍മയുടെ തിരശ്ശീലയില്‍ ആദ്യം തെളിയുന്ന ചിത്രം 1966 ഡിസംബര്‍ രണ്ട്, മൂന്ന് തീയതീകളില്‍ കാസര്‍കോട് പുലിക്കുന്നില്‍ നടന്ന കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗിന്റെ സമ്മേളനമാണ്. കാസര്‍കോടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മറക്കാനാവത്ത സംഭവമായിരുന്നു അത് (കാസര്‍കോട് അന്ന് പ്രത്യേക ജില്ലയായി പിറന്നിട്ടില്ല). ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളും സി.എച്ചും പങ്കെടുത്ത മഹാസമ്മേളനമായിരുന്നു അത്. എല്ലാ അര്‍ത്ഥത്തിലും കാസര്‍കോടിന് അതൊരു ഉത്സവമായിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് ഹമീദലി ഷംനാട് സാഹിബും സെക്രട്ടറി സി.കെ.പി ചെറിയ മമ്മുക്കേയി സാഹിബുമായിരുന്നു. എന്റെ പിതാവ് ടി.എ ഇബ്രാഹിം സാഹിബായിരുന്നു സമ്മേളന സ്വാഗത സംഘം സെക്രട്ടറി. അന്നാണ് ഞാനാദ്യമായി സാഗര ഗര്‍ജ്ജനം പോലെ അലയടിക്കുന്ന സി.എച്ചിന്റെ പ്രസംഗം കേള്‍ക്കുന്നത്. സദസിനെ കോരിത്തരിപ്പിക്കുകയും കൈയടിപ്പിക്കുകയും ഇളക്കി മറിക്കുകയും ചെയ്ത ആ പ്രസംഗം വലിയൊരനുഭവം തന്നെയാണ്.  പ്രസംഗത്തിലെ ഓരോ വാക്കും വളരെക്കാലം മനസില്‍ മായാതെ കിടന്നു. അതിനു ശേഷം സി.എച്ചിന്റെ പ്രസംഗം എവിടെയുണ്ടോ അവിടെ എത്തുക വാശിയായിത്തീര്‍ന്നു.

1973-74 കാലഘട്ടതില്‍ മുസ്ലിം ലീഗിലുണ്ടായ പിളര്‍പ്പിന്റെ സമയത്ത് സി.എച്ച് കാസര്‍ക്കോട്ടെത്തിയപ്പോള്‍ അദ്ദേഹം താമസിച്ചത് ഹോട്ടല്‍ സ്റ്റേറ്റ്സിലായിരുന്നു. ബാപ്പയുടെ കൂടെയും അല്ലാതെയും എനിക്കന്ന് സി.എച്ചിനെ വളരെ അടുത്തു കാണാനും പരിചയപ്പെടാനും അനുഭവിക്കാനും ഭാഗ്യമുണ്ടായി. ഞാന്‍ മുറിയില്‍ പോകുമ്പോഴൊക്കെ സി.എച്ച് കനപ്പെട്ട ഇംഗ്ലീഷ് പുസ്തകം വായിക്കുകയായിരിക്കും. ചിലപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കുകയാവും. എന്തു പറയുമ്പോഴും അതില്‍ ഒരു നര്‍മ സ്പര്‍ശമുണ്ടാകും. അത് വലിയൊരു നേതാവിന്റെ മുമ്പില്‍ നില്‍ക്കുമ്പോഴുള്ള മാനസികമായ സംഘര്‍ഷം കുറിച്ചിരുന്നു. വശ്യമായ ചിരിയും സംസാര രീതിയും വല്ലാതെ മനസിലേക്ക് ആഴ്ന്നിറങ്ങുന്നതും കൊതിപ്പിക്കുന്നതുമായിരുന്നു. അതിനു ശേഷം നിരവധി തവണ ഞാന്‍ സി.എച്ചിന്റെ ഡ്രൈവറായി ബാപ്പയുടെ കാറില്‍ യാത്ര ചെയ്തിട്ടുണ്ട്. അതൊരു വലിയ സൗഭാഗ്യമായാണ് കാണുന്നത്.

(www.evisionnews.in) യാത്രകള്‍ക്കിടയിലെ സംഭാഷണങ്ങള്‍ ഇടയിക്കിടെ പൊട്ടിക്കുന്ന ഫലിതങ്ങള്‍, ഗൗരവമുള്ള രാഷ്ട്രീയ കാര്യങ്ങള്‍ എല്ലാം എനിക്ക് വലിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. അത് പിന്നീടെന്റെ സ്വഭാവ രൂപീകരണത്തില്‍ തന്നെ സ്വാധിനം ചെലുത്തിയിട്ടുണ്ടാവണം. ബാപ്പയും യാത്രക്കിടയില്‍ ഭക്ഷണം കഴിക്കാനൊ ചായ കുടിക്കാനൊ എവിടെയെങ്കിലും കാര്‍ നിര്‍ത്തിയാല്‍ സി.എച്ച് ചോദിക്കും ഇബ്രാന്‍ച്ചാ, നമുക്ക് ഡ്രൈവറെ വിളിക്കണ്ടേ?

1978ല്‍ കാര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നു. വിട്‌ള നിയോജക മണ്ഡലത്തില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി സി. അബ്ദുല്‍ ഹമീദ് മത്സരിക്കുന്നു. മലയാളി കൂടിയായി ഹമീദ് സാഹിബ് അന്ന് കാര്‍ണാടക സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രസിഡണ്ട് കൂടിയാണ്. സി.എച്ച് അവിടെ ചെന്ന് പ്രസംഗിച്ചാല്‍ വലിയ പ്രചോദനമാകുമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കാസര്‍കോട്ട് നിന്ന് എന്റെ പിതാവ് ടി.എ ഇബ്രാഹിമും സി.എച്ചിന്റെ കൂടെയുണ്ടായിരുന്നു. അന്ന് വിട്‌ളയിലേക്കുള്ള യാത്രയില്‍ കാറോടിച്ചത് ഞാനായിരുന്നു.

(www.evisionnews.in) ബാപ്പ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് കേരള നിയമ സഭയിലേക്ക് മത്സരിക്കാനിടവന്നതിനു പിന്നിലും സി.എച്ചിന്റെ കൂടെ താല്‍പര്യമുണ്ടായിരുന്നു. നിയമസഭാ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും സിഎച്ച് ബാപ്പക്ക് വലിയൊരു ബലം തന്നെയായിരുന്നു. കാസര്‍കോടിന്റെ മുഖച്ഛായ മാറ്റിയ ജില്ലാ രൂപീകരണ കാര്യത്തിലും ചന്ദ്രഗിരിപ്പാലം യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തിലും സി.എച്ച് കാണിച്ച താല്‍പര്യം വിസ്മരിക്കാനാവാത്തതാണ്. കാസര്‍കോടിനോട് സി.എച്ചിന് ഒരു പ്രത്യേക താല്‍പര്യം തന്നെ ഉണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ വലിയൊരു മുന്നേറ്റത്തിനു അത് നിമിത്തമായിത്തീര്‍ന്നു. കാസര്‍കോടുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന വികസന കാര്യത്തിലും ആ താല്‍പര്യം പ്രകടമായിരുന്നു. കാസര്‍കോട്ടെ മിക്ക രാഷ്ട്രീയ പ്രവര്‍ത്തകരെയും പേരുപറഞ്ഞു വിളിക്കാനുള്ള അടുപ്പവും സി.എച്ചിനുണ്ടായിരുന്നു. അത് പലരെയും ആഹ്ലാദിപ്പിച്ചിരുന്നു.

(www.evisionnews.in) എന്റെ പിതാവ് ടി.എ ഇബ്രാഹിം സാഹിബിന് അധിക കാലമൊന്നും എം.എല്‍.എ ആയിരിക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ആരോഗ്യ നിലമോശമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഒരു ജ്യേഷ്ഠ സഹോദരനോടുള്ള ശ്രദ്ധപൂര്‍വകമായ പരിചരണം ലഭ്യമാക്കാന്‍ സി.എച്ച് കഴിയുന്നതും ശ്രദ്ധിച്ചു. അപ്പപ്പോള്‍ ആരോഗ്യനില ആശുപത്രി അധികൃതരോട് അന്വേഷിച്ചു കൊണ്ടിരുന്നു. സി.എച്ചിന്റെ സാന്നിധ്യം ബാപ്പക്ക് വലിയ ആശ്വാസമായിരുന്നു. 1978ല്‍ തിരുവനന്തപുരത്ത് വെച്ചുതന്നെ ബാപ്പ മരണപ്പെട്ടു.

(www.evisionnews.in) അതിനുശേഷം പ്രത്യേകിച്ചും പുത്രനിര്‍വിശേഷമായ സ്നേഹമാണ് സി.എച്ച് എന്നോട് കാണിച്ചിരുന്നത്. ആര്‍ദ്രമായ ഒരു സ്‌നേഹസ്പര്‍ശം പോലെ ഞങ്ങള്‍ക്കത് അനുഭവപ്പെടുകയും ചെയ്തിരുന്നു. സി.എച്ച് പകര്‍ന്നു നല്‍കിയ ഹൃദ്യമായ സാമീപ്യത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മനസിനെ നിര്‍വികാരനാക്കുകയാണ്. ഒരു ഗദ്ഗദമായി ഇപ്പോഴും അത് മനസില്‍ കിടക്കുന്നു.


KeywordS: Kasaragod-news-ch-muhammed-koya-remembrance-




Tags

Post a Comment

0 Comments

Top Post Ad

Below Post Ad