കോഴിക്കോട് (www.evisionnews.in): മൂന്നുദിവസത്തെ ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ബിജെപി നേതാക്കള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തോടും കോഴിക്കോടിനോടും നന്ദി പറഞ്ഞ് യാത്രാമൊഴി ചൊല്ലി. 'നല്ലതു മാത്രമേ എല്ലാവര്‍ക്കും പറയാനുള്ളൂ. എല്ലാം നന്നായി നടന്നു' -ബി.ജെ.പി ദേശീയ കണ്‍വെന്‍ഷന് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പ്രതിനിധികളെ യാത്രയാക്കിയ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
'നല്ല ആതിഥേയത്വം, നല്ല ഭക്ഷണം, ലാളിത്യമുള്ള പെരുമാറ്റം' -ഉത്തരാഖണ്ഡില്‍നിന്നുള്ള പ്രതിനിധി ടി.എസ്. റാവത്തിന്റെ വാക്കുകള്‍. കേരളം വിസ്മയത്തിന്റെ നാടാണ്. എല്ലാവര്‍ക്കും നന്ദിയെന്നായിരുന്നു മഹാരാഷ്ട്ര ബി.ജെ.പി ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ സുജിത് സിങ് ഠാകുറിന്റെ അഭിപ്രായം. പല ദേശീയ കൗണ്‍സിലുകള്‍ക്ക് പോയിട്ടുണ്ടെങ്കിലും ഇത്ര കുറ്റമറ്റ സംവിധാനം ആദ്യമായാണ് കാണുന്നത് എന്നായിരുന്നു മണിപ്പൂരില്‍നിന്നുള്ള വനിതാ അംഗം സോസോ ഷെയ്‌സയുടെ വാക്കുകള്‍. നല്ല വായുവും മണ്ണും കേരളത്തിന്റെ പ്രത്യേകതയാണ്.
താമസസ്ഥലത്തുനിന്ന് സമ്മേളനസ്ഥലത്ത് എത്തിക്കല്‍, വാഹനം ഒരുക്കല്‍ എന്നിവയിലെല്ലാം കോഴിക്കോട് മികച്ച സംവിധാനമാണ് ഒരുക്കിയതെന്നായിരുന്നു പ്രതിനിധികളുടെയെല്ലാം പ്രതികരണം.
ഒമ്പത് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയടക്കം വി.വി.ഐപികളും എത്തിയിട്ടും ഒരു പ്രയാസവും ഉണ്ടായില്‌ളെന്നത് കോഴിക്കോടിന്റെ കൂടി നന്മ കൊണ്ടാണെന്ന് ടെന്റ് നിര്‍മാണത്തിന്റെ ചുമതലയുണ്ടായിരുന്ന ഷാരോണ്‍, സമീര്‍ എന്നിവരും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സോമാലിയയോടാണ് ഉപമിച്ചത്. ഇതിനെതിരെ മലയാളികള്‍ ഒന്നടങ്കം സാര്‍വദേശീയതലത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേ നാട്ടില്‍ വെച്ച് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ ചരിത്ര സംഭവമായത് മറ്റൊരു വിസ്മയമായി ബിജെപി നേതാക്കള്‍ കാണണമെന്നും മലയാളികള്‍ ഒന്നടങ്കം ആവശ്യപ്പെട്ട് കഴിഞ്ഞു.

Post a Comment
0 Comments