വെള്ളരിക്കുണ്ട്: പിഞ്ചുമക്കള്‍ക്ക് വിഷം കലര്‍ത്തിയ ശീതളപാനീയം ബലപ്രയോഗത്തിലൂടെ നല്‍കിയ പിതാവിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
മാലോം ചുള്ളിയിലെ കൊച്ചുകരോട്ട് സാജു(38)വിനെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉത്രാടനാളില്‍ മദ്യലഹരിയിലെത്തിയ സാജു എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍മക്കളെ ബലമായി വിഷം കലര്‍ത്തിയ ശീതളപാനീയം കുടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം സാജുവും വിഷം കഴിച്ചു. കുട്ടികള്‍ സാജുവിന്റെ പിടിയില്‍ നിന്നും കുതറിയോടി അയല്‍വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ കുട്ടികളെ ഉടന്‍ തന്നെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. വിഷം കഴിച്ച് വീട്ടില്‍ അബോധാവസ്ഥയിലായിരുന്ന സാജുവിനെയും സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
ഒരാഴ്ച മുമ്പ് കുടുംബവഴക്കിനിടെ സാജു ഭാര്യ സൗ മ്യയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ സാജുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. പോലീസ് തന്നെ അന്വേഷിക്കുന്നതറിഞ്ഞ സാജു മക്കളെ വിഷം കൊടുത്ത് കൊല്ലാനും തുടര്‍ന്ന് ആത്മഹത്യ ചെയ്യാനും പദ്ധതിയിടുകയായിരുന്നു.
എന്നാല്‍ കുട്ടികള്‍ ഭാഗ്യം കൊണ്ടാണ് ജീവാപായമില്ലാതെ രക്ഷപ്പെട്ടത്. സാജു പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. സാജുവിന് പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തി. ആത്മഹത്യാശ്രമത്തിനും സാജുവിനെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഏറെക്കാലം വിദേശത്തായിരുന്ന സാജു ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.

Post a Comment
0 Comments