ന്യൂഡല്‍ഹി (www.evisionnews.in) : ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലില്‍ ചുമന്നുകൊണ്ടുപോയ ഭര്‍ത്താവിന്റെ കരളലയിപ്പിക്കുന്ന ദുരന്തം കണ്ട് ലോകത്തെ ഞെട്ടിയതിനു പിന്നാലെ സഹായ വാഗ്ദാനം നല്‍കിയ ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ധനസഹായം നാട്ടിലെത്തി. ഭാര്യയുടെ മൃതദേഹം മകള്‍ക്കൊപ്പം നാഴികകള്‍ ചുമന്ന ദാനാ മാജിക്കാണ് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ വാഗ്ദാനം ചെയ്ത ഒമ്പതുലക്ഷം രൂപ ലഭിച്ചത്.
കഴിഞ്ഞ ദിവസം ദില്ലിയിലെ ബഹ്‌റൈന്‍ എംബസിയിലെത്തി 8.9 ലക്ഷം രൂപയുടെ ചെക്ക് മാജി ഏറ്റുവാങ്ങി. മൂന്ന് പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഈ പണം ബാങ്കില്‍ നിക്ഷേപിക്കുമെന്ന് 45 കാരനായ മാജി പറഞ്ഞു. 12കാരിയായ മകള്‍ ചാന്ദ്‌നിക്കൊപ്പമാണ് മാജി ബഹ്‌റൈന്‍ എംബസിയിലേക്ക് എത്തിയത്. വിമാനത്തിലായിരുന്നു യാത്ര. അതിനുള്ള എല്ലാ സൗകര്യങ്ങളും ബഹ്‌റൈന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സഹായം താനൊരിക്കലും മറക്കില്ലെന്ന് ബഹ്‌റൈന്‍ അധികൃതരോട് മാജി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്രമന്ത്രിമാരോ സംഭവത്തെക്കുറിച്ച് ഒരു പ്രതികരണം പോലും നടത്തിയിരുന്നില്ല. ഇതിനിടയിലാണ് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ധനസഹായമെത്തിയത്.
ഓഗസ്റ്റ് 24ന് ക്ഷയരോഗം ബാധിച്ചാണ് മാജിയുടെ ഭാര്യ മരിച്ചത്. മാജിയും 12കാരിയായ മകള്‍ ചാന്ദ്‌നിയും കരഞ്ഞപേക്ഷിച്ചിട്ടും മൃതദേഹം കൊണ്ടുപോകാന്‍ ആരുടെയും സഹായം ലഭിച്ചില്ല. തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞ മൃതദേഹം തോളിലെടുത്ത് മാജി ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും തുടര്‍ന്ന് സന്നദ്ധ സേവന സംഘടനയുടെ ആംബുലന്‍സ് ലഭ്യമാക്കുകയുമായിരുന്നു.
Keywords: Maji-odissa-bahrain-prime-minister
Post a Comment
0 Comments