Type Here to Get Search Results !

Bottom Ad

മഴവെള്ള സംഭരണത്തിന് ടെറസസൊരുക്കി മൊഗ്രാല്‍ പുത്തൂരിലെ വിദ്യാര്‍ത്ഥികള്‍


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): തുള്ളിക്കൊരു കുടമെന്ന പോല്‍ തിരിമുറിയാതെ മഴ പെയ്യട്ടെ എന്നാണ് മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളുടെ ആഗ്രഹം. കാരണം മഴവെള്ളക്കൊയ്ത്തിന് ഇക്കുറി ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ടെറസുകളില്‍ പെയ്യുന്ന മഴയത്രയും വിദ്യാലയത്തിലെ 15 മീറ്റര്‍ ആഴമുള്ള കിണറിലേക്ക് ഇറക്കി റീചാര്‍ജ് ചെയ്യുകയാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍. വാര്‍ഷിക വര്‍ഷപാതം ശരാശരി 300 സെന്റിമീറ്റര്‍ ഇത്തവണയും പെയ്തിറങ്ങുകയാണെങ്കിത് 4464000 ലിറ്റര്‍ മഴവെള്ളം കിട്ടുമത്രെ ഈ ടെറസുവഴി. ഗുണിച്ചും ഹരിച്ചും കൂട്ടിയുമൊക്കെ കുട്ടികള്‍ കണ്ടെത്തിയതാണ് ഈ വെള്ളക്കണക്ക്. ഒരു ദിവസം 15 ലിറ്റര്‍ ആളോഹരി വെള്ളം പകുത്തു നല്‍കിയാല്‍ 297600 പേര്‍ക്ക് ഈ വെള്ളം ഉപയോഗിക്കാനാകും.

ഡിസംബര്‍ മാസത്തോടെ വരള്‍ച്ച അനുഭവപ്പെടുന്ന കുന്നിന്‍ മുകളിലുള്ള സ്‌കൂളിലെയും പരിസരത്തെ വീടുകളിലെയും കിണറുകളിലും കുഴല്‍കിണറുകളിലും ഈ സംരംഭം ഗുണപ്രദമാകുമെന്ന പ്രതീക്ഷയാണുള്ളത്. യാതൊരു സര്‍ക്കാര്‍ ഏജന്‍സിയുടെയും സഹായമില്ലാതെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡ് തുകകൊണ്ടാണ് മഴവെള്ളം കൊയ്യാനുള്ള പൈപ്പുകളും ശുദ്ധീകരണ ടാങ്കുകളും ശുദ്ധീകരണ സാധനങ്ങളും വാങ്ങിയത്. വരും വര്‍ഷ ങ്ങളില്‍ കൂടുതല്‍ ടെറസുകളെ മഴ വെള്ളക്കൊയ്ത്തു കേന്ദ്രങ്ങളാക്കി ഈ മഹത് സംരംഭത്തിലൂടെ സമൂഹത്തിനാകെ മാതൃകയുടെ തെളിനീര് പകരാനാകുമെന്ന പ്രതീക്ഷയിലാണ് നിരവധി പരിസ്ഥിതി സംരക്ഷണ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ മൊഗ്രാല്‍പുത്തൂരിലെ വിദ്യാര്‍ത്ഥികള്‍. പ്രധാനാധ്യാപകന്‍ കെ. അരവിന്ദ, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.ബാലകൃഷ്ണന്‍, ടി.എം രാജേഷ്, എം. സുരേന്ദ്രന്‍, സി.എച്ച് നവീന്‍ കുമാര്‍, പി. അശോകന്‍, സി. രാമകൃഷ്ണന്‍, കെ. രഘു, പി. വേണുഗോപാലന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad