കാസര്‍കോട് (www.evisionnews.in): നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥായാകുമ്പോഴും അധികൃതര്‍ക്ക് ഒരു കൂസലുമില്ല. പാതയിലെ അപകട സാധ്യതാ മേഖലയില്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ കാര്യമായ സജ്ജീകരണങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന് വീതി കൂട്ടിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും സ്ത്രീകളുമുള്‍പ്പെടെ റോഡ് മുറിച്ച് കടക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പാതയില്‍ ചില കേന്ദ്രങ്ങളില്‍ പോലീസ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് രാത്രിയോടെ എടുത്തുമാറ്റുന്നുണ്ട്. ഇത് പരമാവധി വേഗത്തിലോടാന്‍ വാഹനങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്നും ആക്ഷേപമുണ്ട്.
കെ.എസ്.ടി.പി റോഡില്‍ ഏഴുമാസത്തിനിടെ ഇരുപത് ജീവനുകളാണ് പൊലിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവില്‍ ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന വിദ്യാര്‍ത്ഥിക്കാണ് കാര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. തൃക്കണ്ണാട് ക്ഷേത്ര പരിസരത്ത് നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികൂട്ടത്തിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ തമ്പുരാന്‍ വളപ്പിലെ പ്രശാന്താണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ എട്ട് മരണം ഉണ്ടായത്. പള്ളിക്കര വില്ലേജ് ഓഫീസിന് സമീപം ഉണ്ടായ കാറപകടത്തില്‍ ഒരു വീട്ടിലെ ആറു പേര്‍ മരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സഞ്ചരിക്കുകയായിരുന്ന തെക്കില്‍ സ്വദേശിയും ഉദുമപള്ളത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചുരുന്നു. ഏഴുമാസങ്ങള്‍ക്കിടെ അമ്പതോളം വാഹനങ്ങളാണ് പണി എങ്ങുമെത്താത്ത റോഡില്‍ അപകടത്തില്‍പ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Keywords; Kasaragod-news-kstp-road-accident-road
Post a Comment
0 Comments