Type Here to Get Search Results !

Bottom Ad

റവന്യൂ മന്ത്രിയുടെ പെരുമ്പളയില്‍ സിപിഐയില്‍ കൊഴിഞ്ഞുപോക്ക്: പാര്‍ട്ടി വിട്ടവര്‍ സിപിഎമ്മില്‍ ചേര്‍ന്നു


കാസര്‍കോട് (www.evisionnews.in): എറണാകുളം ജില്ലയിലെ ഉദയംപേരൂരിലും കാസര്‍കോട് കുറ്റിക്കോല്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും നിരവധി പേര്‍ സിപിഎം വിട്ട് സിപിഐയിലേക്ക് ചേക്കേറിയതിന്റെ വാര്‍ത്താ പ്രവാഹം തുടരുന്നതിനിടയില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ജന്മനാടായ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിസ്റ്റ് കേന്ദ്രമായ പെരുമ്പളയില്‍ നിന്ന് നിരവധി പേര്‍ സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. ഇവരെ അനുഭാവി ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തി സിപിഐയുടെ ശക്തി ക്ഷയിപ്പിക്കാനാണ് സിപിഎം നീക്കം. 

എന്നാല്‍ ഇത് വന്‍ സംഭവമാക്കി ഇപ്പോള്‍ പ്രചരിപ്പിക്കേണ്ടെന്നും ഇതിന്മേല്‍ സിപിഐയുടെ പ്രതികരണങ്ങള്‍ അറിയുന്ന മുറക്ക് തന്ത്രങ്ങള്‍ മെനയാമെന്നുമാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഐ വിടുന്നവര്‍ക്ക് പ്രദേശത്തെ ഒരു പ്രമുഖ നേതാവിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നിശബ്ദ പിന്തുണയുണ്ടെന്നുമാണ് പെരുമ്പളയില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍. 

സിപിഐയില്‍ നിന്ന് മുമ്പ് പുറത്താക്കിയ മന്‍സൂര്‍ കക്കണ്ടത്തിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം സിപിഐക്കാര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ടവരെ വിളിച്ചു ചേര്‍ത്ത് ഇതിനകം നിരവധി യോഗങ്ങളും സിപിഎം നടത്തിക്കഴിഞ്ഞു. പെരുമ്പളയില്‍ സിപിഐക്കകത്തെ അസംതൃപ്ത വിഭാഗം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിപിഐക്കാര്‍ സിപിഎമ്മിലേക്ക് കടന്നുവരുന്നത് മുഖ്യധാര മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം വാര്‍ത്തയാക്കില്ലെന്നും അതേസമയം സിപിഎമ്മില്‍ ഇലയനങ്ങിയാല്‍ അത് വന്‍ വാര്‍ത്തയാക്കി മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് പതിവാണെന്നും അത് കൊണ്ട് തന്നെയാണ് മന്ത്രിയുടെ പെരുമ്പളയില്‍ നിന്നുള്ള സിപിഐയില്‍ നിന്നുള്ള കൂടുമാറ്റത്തെ കുറിച്ച് ആരും വാര്‍ത്തയാക്കാത്തതെന്നും സിപിഎമ്മിലെ ഒരു നേതാവ് പ്രതികരിച്ചു.

Keywords: Kasaragod-news-cpm-cpi-perumbala-

Post a Comment

0 Comments

Top Post Ad

Below Post Ad