കാസര്‍കോട്: (www.evisionnews.in)ജില്ലയിലെ രൂക്ഷമായ മണല്‍ ക്ഷാമത്തിന് പരിഹാരം കാണണമെന്ന് കാസര്‍കോട് ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍( എ ഐ ടി യു സി ) വര്‍ക്കിംഗ് കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ രൂക്ഷമായ മണല്‍ ക്ഷാമം കാരണം നിര്‍മ്മാണ മേഖലയാകെ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ജില്ലയിലെ നിയമാനുസൃത പുഴക്കടവില്‍ നിന്നും മണല്‍ ശേഖരിക്കുന്നത് മാസങ്ങളായി നിരോധിച്ചിരിക്കുകയാണ്. ഫോര്‍ട്ട് കടവുകളില്‍ നിന്നും പരിമിതമായ തോതിലാണ് ഇപ്പോള്‍ മണല്‍ ശേഖരിക്കുന്നത്. ഇത് വിതരണം ചെയ്യുന്നതിലും അപാകതകള്‍ നിലനില്‍ക്കുന്നു. മണല്‍ മാഫിയകളെ സഹായിക്കുന്ന തരത്തിലാണ് വിതരണം നടക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നു വരുന്നുണ്ട്. ഇ- മണല്‍ സംവിധാനം ഫോര്‍ട്ട് കടവുകളില്‍ നിന്നും ശേഖരിക്കുന്ന മണലിന് നടപ്പിലാക്കാത്തതുമൂലം ക്രമാതീതമായ വിലക്കയറ്റമാണ് മണലിന്റെ കാര്യത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്.
നിയമാനുസൃത കടവുകളില്‍ നിന്നും മണല്‍ എടുത്ത് ഇ- മണല്‍ സംവിധാനത്തിലൂടെ വിതരണം ചെയ്ത് മണല്‍ ക്ഷാമം പരിഹരിക്കാനും, തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കുവാനും ആവശ്യമായ നടപടികളുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ വി കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
keywords :aituc-sand-workers-kasragod
Post a Comment
0 Comments