കാസര്‍കോട്.(www.evisionnews.in)ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ഇതര ജില്ലകളിലേക്ക് സ്ഥലം മാറിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ അടിയന്തിരമായി ജില്ലാതലത്തില്‍ ശേഖരിക്കുന്നതിനും ഈ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവ് റദ്ദ്‌ചെയ്ത് ജില്ലയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതിനും ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ജനപ്രതിനിധികള്‍ ഈ ആവശ്യം ഉന്നയിച്ചത്.
ഉദ്യോഗസ്ഥക്ഷാമം ജില്ലയില്‍ രൂക്ഷമാകുമ്പോഴും സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥര്‍ വര്‍ക്കിംഗ് അറേഞ്ച്്‌മെന്റില്‍ പോവുകയാണ്. ആ തസ്തികയില്‍ പകരം നിയമനത്തിനും സാധിക്കുന്നില്ല. ഇങ്ങനെ സ്ഥലം മാറിപോയ ഉദ്യോഗസ്ഥരുടെ തസ്തികള്‍ പോലും ജില്ലയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ജില്ലയില്‍ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷത്തേക്ക് വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ സ്ഥലംമാറ്റം നല്‍കരുതെന്ന് ശുപാര്‍ശചെയ്തിട്ടുണ്ട്. ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ മൂന്നിനകം ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും വര്‍ക്കിംഗ് അറേഞ്ച്്‌മെന്റില്‍ ഇതര ജില്ലകളിലേക്ക് സ്ഥലം മാറിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ അടിയന്തിരമായി ശേഖരിക്കുന്നതിനും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്ക് ലഭ്യമാക്കുന്നതിനും ജില്ലാകളക്ടര്‍ മുഴുവന്‍ ജില്ലാതല മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കുമ്പള കൊടിയമ്മ ഗവ. യു പി സ്‌കൂളിലെ എട്ട് അധ്യാപകര്‍ സ്ഥലം മാറിപ്പോയതിനുപകരം നിയമനം നടത്താത്തത് അധ്യയനത്തെ ബാധിച്ചതായി ജനപ്രതിനിധികള്‍ പറഞ്ഞു. കീഴൂര്‍ അഴിമുഖത്ത് പുലിമുട്ടില്‍ തട്ടി മത്സ്യബന്ധനബോട്ടുകള്‍ തകരുകയും മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പെടുകയും ചെയ്ത സാഹചര്യത്തില്‍ ഡ്രഡ്ജിങ് ത്വരിതപ്പെടുത്താന്‍ യോഗം നിദ്ദേശം നല്‍കി. ബാവിക്കര റഗുലേറ്റര്‍ നിര്‍മ്മാണത്തിന് പുതിയ പഠനത്തിനുള്ള നടപടികളും സക്രിയമാക്കണം. തകര്‍ന്ന മാടക്കാല്‍ തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കണം. ഉദുമ നിയോജകമണ്ഡലത്തില്‍ എം എല്‍ എ ഫണ്ടില്‍ അനുവദിച്ച അഞ്ച് ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. ചീമേനി വില്ലേജിലെ കൈവശക്കാരുടെ പട്ടയപ്രശ്‌നം, തിമിരിവില്ലേജില്‍ മിച്ചഭൂമികൈമാറ്റം ചെയ്തവരില്‍ നിന്നും നികുതി സ്വീകരിക്കാത്ത പ്രശ്‌നം എന്നിവയും യോഗത്തില്‍ ഉന്നയിച്ചു. കേരള കര്‍ണാടക അതിര്‍ത്തിയില്‍ വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കണമെന്നും നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയുള്ള പൊതുമരാമത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു.
സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ പ്രസ് അനുവദിക്കണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. കന്നട,മലയാളം ഭാഷകളില്‍ അച്ചടി സംവിധാനം സര്‍ക്കാര്‍മേഖലയില്‍ ജില്ലയില്‍ അനിവാര്യമാണെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഫിറ്റ്‌നസ് ലഭിച്ചതായി ഡിഡി ഇ അറിയിച്ചു. ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് തുക അനുവദിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡില്‍ അപകടം ഒഴിവാക്കാന്‍ സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കും.
റേഷന്‍കാര്‍ഡ് പുതുക്കുന്നതിലേക്കായി ആധാര്‍ നമ്പര്‍ ഇതുവരെ നല്‍കിയിട്ടില്ലാത്ത കാര്‍ഡുടമകളില്‍ നിന്നും നമ്പര്‍ വെള്ളക്കടലാസില്‍ എഴുതി നല്‍കാന്‍ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എം എല്‍ എ മാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍റസാഖ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, നീലേശ്വരം നഗരസഭാചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതിനിധി കെ പത്മനാഭന്‍,സബ്കളക്ടര്‍ മൃണ്‍മയിജോഷി എ ഡി എം കെ അംബുജാക്ഷന്‍ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Post a Comment
0 Comments