കൊച്ചി (www.evisionnews.in): സംഘപരിവാര്‍ ശക്തികള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കി പ്രവര്‍ത്തകരെ അടര്‍ത്തിയെടുക്കുകയാണെന്ന് എ.കെ ആന്റണി. ഈ അപകടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയണം. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്നും ആന്റണി തുറന്നടിച്ചു. കെപിസിസി സംഘടിപ്പിച്ച തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ സമ്മേളനം (രാജീവ് ഗാന്ധി സത്ഭാവന സംഗമം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാര്‍ വേദികളില്‍ ഒരുമിച്ചുനിന്നു ഗ്രൂപ്പ് ഫോട്ടോയെടുത്താല്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകുമെന്ന വിശ്വാസം തനിക്കില്ല. പ്രധാനമന്ത്രിയുടെ വസതിയില്‍ കേരള മുഖ്യമന്ത്രി ചെന്നപ്പോള്‍ ഇത് നിങ്ങളുടെ വീടാണെന്നാണു മോദി പറഞ്ഞത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടോ ബിജെപി മുഖ്യമന്ത്രിമാരോടൊ മോദി ഇത് പറഞ്ഞിട്ടില്ല.
കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ബിജെപിയും യുഡിഎഫ് ശിഥിലമാകാന്‍ ആഗ്രഹിക്കുന്ന സിപിഎമ്മും ഒരുമിച്ചു കോണ്‍ഗ്രസിനെതിരെ അണിനിരക്കുകയാണ്. അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴുണ്ടായ അമിത ആത്മവിശ്വാസം പാര്‍ട്ടിക്ക് വിനയായി. തൊട്ടുപിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അടിതെറ്റി. എന്നിട്ടും പഠിക്കാതിരുന്നതിനാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തോറ്റു. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായിരിക്കയാണ്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കണം. ചോര്‍ച്ച അടയ്ക്കാന്‍ കഴിയണം. പാര്‍ട്ടി വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ കൂട്ടായ ശ്രമം ഉണ്ടാകണം. കോണ്‍ഗ്രസ് തമ്മില്‍തല്ലുന്ന കൂടാരമാണെങ്കില്‍ ആരും ഇങ്ങോട്ടു വരില്ല. കൂട്ടായ നയ പരിപാടികളാണു വേണ്ടത്. പാര്‍ട്ടിയിലേക്കു കൂടുതല്‍ ചെറുപ്പക്കാര്‍ വരേണ്ടതുണ്ടെന്നും ആന്റണി പറഞ്ഞു.

Post a Comment
0 Comments