Type Here to Get Search Results !

Bottom Ad

ഇസ്ലാം പ്രചരിച്ചത് ആത്മീയ മഹത്തുക്കളിലൂടെ : ഉസ്താദ് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍

ചപ്പാരപ്പടവ്(www.evisionnews.in) : വിശുദ്ധ ഇസ്ലാം ലോകത്ത് പ്രചരിച്ചത് ആത്മീയ മഹത്തുക്കളിലൂടെയാണെന്നും തീവ്രവാദത്തിലൂടെയല്ലെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടരി ഉസ്താദ് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍. ഖിള്‌രിയ്യാ നഗറില്‍ ഇര്‍ഫാനിയ്യ യതീംഖാന 20 ാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
മഹത്തായ ഇര്‍ഫാനിയ്യ സ്ഥാപിച്ചതും യഥാര്‍ത്ഥ മഹത്തുക്കളാണ്. ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയ മഹാനായ ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദിന്റെ മഹത്വമാണ് ഈ സ്ഥാപനവും ഈ സദസ്സിന്റെ അച്ചടക്കവും. മഹാനായ കണ്ണ്യാല മൗലായും ആത്മീയ ലോകത്തെ സൂര്യതേജസ്സായിരുന്നു. 

മൃദുലമായ സ്വഭാവത്തിലൂടെ മാത്രമേ പ്രബോധനം സാധ്യമാവൂ. ഭീകരവാദം ഇസ്ലാമിന് അന്യമാണ്. സ്വയം ഖലീഫയാണെന്ന് പറഞ്ഞ് രംഗത്ത് വന്ന അബൂബക്കര്‍ ബഗ്ദാദിയെ മുസ്ലിം ലോകം ഖലീഫയായി അംഗീകരിക്കുന്നില്ല.മൊസ്സാദില്‍ നിന്ന് പരിശീലനം ലഭിച്ച അയാള്‍ ജൂതചാരനാണെന്ന് സംശയമുണ്ട്. സാക്കിര്‍ നായിക് നേരിടുന്ന ഭരണ കൂട ഭീകരത അദ്ദേഹം മുസ്ലിം ആയത് കൊണ്ടാണ്. സാക്കിറിന്റെ വഹാബീ ആശയങ്ങളോട് ശക്തമായ  വിയോജിപ്പ് വെച്ച് കൊണ്ട് തന്നെ പറയട്ടെ, ഇപ്പോള്‍ അദ്ദേഹത്തെ ലക്ഷ്യം വെച്ചിരിക്കുന്നത് അദ്ദേഹം  ഇസ്ലാമിക പ്രബോധകനാണെന്ന കാരണത്താലാണ്. 

നിര്‍ണിതമായ ഏതാനും കാര്യങ്ങളില്‍ മുഹമ്മദന്‍ ലോ പ്രകാരം ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം  ഏക സിവില്‍ കോഡ് വന്നാല്‍ നമുക്ക് നഷ്ടമാകും. ക്രമേണ നമുക്കിടയിലുള്ള പരസ്പര 
സ്‌നേഹം ഇല്ലാതെയാവും. അനന്തരാവകാശ നിയമം ദുര്‍ബലമാവും. നിഷിദ്ധമായത് നാം ഭക്ഷിക്കേണ്ടി വരും. ഏക സിവില്‍ കോഡ് വിഷയത്തില്‍ നാം ജാഗരൂകരാവണം. പൂക്കോട്ടൂര്‍ ഉസ്താദ് ഉണര്‍ത്തി.

കലുഷിതമായ ഒട്ടു മിക്ക വര്‍ത്തമാന കാല  വിഷയങ്ങളിലേക്കും സൂചന നല്‍കിയ പൂക്കോട്ടൂര്‍ ഉസ്താദ് സമകാലിക സമസ്യക്ക് വിശുദ്ധ ദീനീവിഷയങ്ങളുടെ ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണ് പൂരണമെന്ന് സമര്‍ത്ഥിച്ചു.

കര്‍ക്കിടക മാസാരംഭമായിട്ടും  മഴമേഘങ്ങള്‍ മാറി നിന്ന തെളിഞ്ഞ കാലാവസ്ഥയില്‍ ഇര്‍ഫാനിയ്യ യതീംഖാന 20ാം വാര്‍ഷികാഘാഷം ചരിത്രമായി. ആത്മീയ മഹത്തുക്കളാല്‍ സ്ഥാപിതമായ ഇര്‍ഫാനിയ്യ യിലെ ധാര്‍മിക ചൈതന്യം പ്രഭാഷകര്‍ പ്രത്യേകം എടുത്തു പറഞ്ഞു. കഴിഞ്ഞ നിയമസഭാ  തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ണാര്‍ക്കാട് എം എല്‍ എ ശംസുദ്ദീന്‍.

മുഖ്യാതിഥിയായി ഖിള്‌രിയ്യാ നഗറിലേക്ക് എത്തിയപ്പോള്‍ ഗ്രാമവീഥികള്‍ ആവേശത്താല്‍ ഇളകി മറിഞ്ഞു. മഗ്രിബിന് മുമ്പേ ചപ്പാരപ്പടവ് എത്തിയ അദ്ദേഹത്തെ മടക്കടവ് നിന്ന് നിരവധി ബൈക്കുകളുടെ അകംബടിയോട് കൂടി എസ്.വൈ.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍  നഗരിയിലേക്ക് ആനയിച്ചു. മുഹമ്മദലി ഹാജി ഖത്തര്‍, അബ്ദുല്‍ ബാരി ചപ്പാരപ്പടവ് നേതൃത്വം നല്‍കി .
   ഉദ്ഘാടന പ്രഭാഷണം നടത്തിയ ശംസുദ്ദീന്‍  തിരഞ്ഞെടുപ്പ് കാലം അനുസ്മരിച്ചു. വ്യാജ ആരോപണം ഉന്നയിച്ചു ചിലര്‍ അന്യായമായി ക്രൂശിച്ചപ്പോള്‍ ആശ്വാസത്തിന്റെ തെളിനീരുറവ നല്‍കിയ മഹാനായ ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദിനെ പറ്റി ശംസുദ്ദീന്‍ ഇങ്ങിനെ പറഞ്ഞു: ' എന്റെ നാടിനടുത്താണ് ശൈഖുനായുടെ വീട്. മാനസികമായി വിഷമം നേരിട്ടപ്പോഴാണ് തിരഞ്ഞെടുപ്പിന് മുംബ് ശൈഖുനാ ഉസ്താദിനെ വീട്ടിലേക്ക് കാണാന്‍ പോയത്. അപ്പോള്‍ ശൈഖുനാ പറഞ്ഞു. വിഷമിക്കേണ്ട. ജയിക്കുമെന്ന കാര്യം ഉറപ്പാണ് . അത് പോലെ മഹാനായ കുഞ്ഞിപ്പള്ളി അഹമ്മദ് സാഹിബും വലിയ സഹായം ചെയ്തിട്ടുണ്ട്. നല്ല വരായ ധാരാളം ദീനീ പ്രവര്‍ത്തകരുടെ പിന്തുണയും എനിക്ക് ആ വിഷയത്തില്‍ കിട്ടിയിട്ടുണ്ട്. എസ് വൈ എസ് പ്രവര്‍ത്തകരും സഹായിച്ചിട്ടുണ്ട്.                                    
ഇര്‍ഫാനിയ്യ യുടെ ആത്മീയ സൗന്ദര്യത്തില്‍ ആകൃഷ്ടരായി എന്റെ നാട്ടില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഈ നാട്ടിലേക്ക് വരുന്നത് എനിക്കറിയാം. അനിര്‍വചനീയമായ ആ ആനന്ദം ഇവിടെയെത്തിയപ്പോള്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ശംസുദ്ദീന്‍ പറഞ്ഞു.
  ഇര്‍ഫാനിയ്യ ഉപഹാരം വൈ.പ്രിന്‍സിപ്പല്‍  ഹസ്സന്‍ ഉസ്താദ് ശംസുദ്ദീന് നല്‍കി.
സലീം ഫൈസി ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. ഒ.കെ ഇബ്രാഹിം കുട്ടി സ്വാഗതവും പി.സി.പി മുസ്തഫ നന്ദിയും പറഞ്ഞു. 
  നേരത്തെ നടന്ന പഠന സെഷനില്‍ മഹല്ല് സംസ്‌കരണത്തിന്റെ ശാസ്ത്രീയ മാനത്തെ കുറിച്ച് പി.വി സൈനുദ്ദീന്‍ ക്‌ളാസ്സെടുത്തു. തളിപ്പറമ്പ് മുനിസപ്പല്‍ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം ,പി.എം ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ , ഉമര്‍ ഫൈസി ഇര്‍ഫാനി പ്രസംഗിച്ചു. എം.അസ്സൈനാര്‍ ഹാജി സ്വാഗതം പറഞ്ഞു.

Keywords:Kannur-Thalipparamb-Chapparapadav-Abdusamad-Pookottoor-SYS-Islam









Post a Comment

0 Comments

Top Post Ad

Below Post Ad