മുംബൈ:(www.evisionnews.in) ഉഡ്ത പഞ്ചാബ് ചിത്രത്തിന് അനുകൂല വിധി. ചിത്രത്തിന്റെ ഒരു സീന്‍ മാത്രം കട്ട് ചെയ്താല്‍ മതിയെന്ന് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ട് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്.ജനക്കൂട്ടത്തിനു നേരെ നിന്ന് മൂത്രമൊഴിക്കുന്ന ഒരു രംഗമാണ് ഒഴിവാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഇത് ചിത്രത്തിന് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.13 വെട്ടിത്തിരുത്തലുകളോടെ കട്ടുകളോടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്ന സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനി നേരത്തെ അറിയിച്ചത്.
സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ച കട്ടുകള്‍ ഓരോന്നായി പരിഗണിച്ച കോടതി, ചിത്രത്തിലെ ഒരു രംഗവും ചില വാക്കുകളും മാത്രമാണ് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. എംപി, എംഎല്‍എ, പാര്‍ലമെന്റ് തുടങ്ങിയ പദങ്ങള്‍ പൊതുവായ വാക്കുകളാണെന്നും അത് നീക്കം ചെയ്യേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ബോര്‍ഡിന് അവകാശമില്ലെന്നും വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.
പഞ്ചാബിലെ ലഹരിയും മയക്കുമരുന്നും പ്രതിപാദിക്കുന്ന ചിത്രം രാജ്യത്തിന്റെ അഖണ്ഡതയേയും ഐക്യത്തേയും ചോദ്യം ചെയ്യുന്നില്ലെന്ന് കേസ് പരിഗണിക്കവെ കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലം പഞ്ചാബ് തന്നെയാണെന്ന് വ്യക്തമാണ്. അതില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം തന്നെയാണ് കാണിക്കുന്നത്. എന്നാല്‍ ഇത് വളരെ ക്രിയാത്മകമായ ഉദ്യമമാണെന്നും അധിക്ഷേപാര്‍ഹമായ രീതിയില്‍ യാതൊന്നും ചിത്രത്തില്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സിനിമയുടെ കഥ, പശ്ചാത്തലം, ശൈലി എന്നിവ തീരുമാനിക്കാനുള്ള പൂര്‍ണ്ണ അവകാശം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ട്. അതുകൊണ്ട് കഥാഗതിയെ ബാധിക്കുന്ന ഘടകങ്ങള്‍ നീക്കം ചെയ്യണമെന്നസെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. പഞ്ചാബിലെ അമിത മയക്കുമരുന്ന് ഉപയോഗവും രാഷ്ട്രീയവും ഇതിവൃത്തമായ ’ഉഡ്താ പഞ്ചാബിന്’ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയാണ് നിര്‍മാതാക്കളായ ഏക്താ കപൂറും അനുരാഗ് കശ്യപും കോടതിയെ സമീപിച്ചത്.ഉഡ്താ പഞ്ചാബ് ജൂണ്‍ 17 ന് റിലീസ് ചെയ്യും.

Post a Comment
0 Comments