കാസര്‍കോട് (www.evisionnews.in) : കാസര്‍കോട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആലോചനയുമായി കമ്പനികള്‍ രംഗത്ത്. കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍), നാഷനല്‍ ഹൈഡ്രോപവര്‍ കോര്‍പറേഷന്‍ (എന്‍എച്ച്പിസി) എന്നിവയുള്‍പ്പെടെയുള്ള കമ്പനികളാണ് സോളര്‍ വൈദ്യുതി ഉല്‍പാദനത്തിന് കാസര്‍കോടിനെ കണ്ണുവെക്കുന്നത്.
ജില്ലയിലെ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം ലക്ഷ്യമാക്കുന്ന സോളര്‍ പാര്‍ക്കിനോടനുബന്ധിച്ചുള്ള സ്വകാര്യഭൂമി സ്വന്തമാക്കിയാണ് ചെറുകിട സോളര്‍ വൈദ്യുതി ഉല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങുക. കാസര്‍കോട്ടെ നിര്‍ദിഷ്ട സോളര്‍ പാര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനും വില്‍ക്കാനും സൗകര്യമൊരുക്കാനാവുമെന്നതാണ് ഈ കമ്പനികളെ പദ്ധതിയിലേക്ക് അടുപ്പിക്കുന്നത്.
നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും സംയുക്ത സംരംഭമായ റിന്യുവല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് (ആര്‍പിസികെഎല്‍) നേതൃത്വത്തില്‍ വെള്ളൂട, കരിന്തളം, പൈവളിഗെ, ചിപ്പാര്‍ എന്നിവിടങ്ങളിലാണു സോളര്‍ പാര്‍ക്ക് നിര്‍മിക്കുന്നത്. എന്നാല്‍ പാര്‍ക്കിന് സമീപമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ വിലക്കെടുത്ത് സോളര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ഈ ചെറുകിട കമ്പനികളുടെ പദ്ധതി. കുറഞ്ഞ വിലക്ക് തരിശുഭൂമി കിട്ടുമെന്നതും പുതിയ പദ്ധതി തുടങ്ങാന്‍ എളുപ്പമാക്കുന്നു.
മടിക്കൈയില്‍ 484 ഏക്കര്‍ സ്ഥലത്ത് സോളാര്‍ പാര്‍ക്കിന്റെ ആദ്യഘട്ട നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. ന്യൂഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ റിന്യൂവല്‍ ആന്റ് എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സി (ഇറെഡ)ക്കാണു പാര്‍ക്കിന്റെ നിര്‍മാണച്ചുമതല. ഇതിനു പുറമെ കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിയായ തെഹ്രിയും കാസര്‍കോട്ടെ സോളര്‍ പാര്‍ക്ക് നിര്‍മാണത്തില്‍ പങ്കാളിയാണ്. കൊച്ചി ആസ്ഥാനമാക്കിയുള്ള സിയാല്‍ 2015ല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സോളര്‍ പദ്ധതി നിര്‍മിച്ചിരുന്നു.
Keywords: Kasaragod-solar-plan-news-company

Post a Comment
0 Comments