ഗുരുവായൂര്‍: (www.evisionnews.in) കാറുകള്‍ വാടകക്കെടുത്ത് തിരിച്ചുനല്‍കാതെ തട്ടിപ്പ് നടത്തുകയും നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന അഗല്‍പാടി സ്വദേശി ഉള്‍പ്പെട്ട സംഘം തൃശൂരില്‍ പിടിയില്‍. മുഖ്യപ്രതിയായ അഗല്‍പാടി സ്വദേശിയില്‍ നിന്ന് പത്ത് കാറുകള്‍ പിടിച്ചെടുത്തു. അഗല്‍പാടി ചക്കുടലിലെ അഷറഫ് (33), പഴയന്നൂര്‍ താവളത്തില്‍ വീട്ടില്‍ ഷാനവാസ് (32), തൃത്താല ബി.കെ കാവ് പുഴയ്ക്കല്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് (27) എന്നിവരാണ് അറസ്റ്റിലായത്.
അഷറഫാണ് സംഘത്തലവനെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറം വേങ്ങര കുന്നുംപുറത്ത് വാടകക്ക് താമസിക്കുന്ന അഷറഫിന്റെ താമസ സ്ഥലത്ത് വെച്ചാണ് 10 കാറുകള്‍ കണ്ടെടുത്തത്. ഗുരുവായൂര്‍ നമ്പഴിക്കാട് പോക്കാംകില്ലത്ത് റഈസ് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലാകുന്നത്. സംഘത്തിലെ മറ്റുമൂന്നുപേരെകൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കാറുകള്‍ വാടകക്കെടുത്ത് കുഞ്ഞുമുഹമ്മദും ഷാനവാസും അഷറഫിന് എത്തിക്കുകയാണ് പതിവ്. അഷറഫില്‍ നിന്ന് ഇവര്‍ ഒന്നോ രണ്ടോ ലക്ഷം രൂപ വാങ്ങും. ഉടമസ്ഥന് ഒരുമാസത്തെ വാടക നല്‍കുന്നതല്ലാതെ പിന്നെ വിളിച്ചാല്‍ ഫോണെടുക്കില്ലത്രെ.
ഇങ്ങനെ വാങ്ങുന്ന കാറുകള്‍ അഷറഫും സംഘവും മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുകയും സ്പിരിറ്റ്, കഞ്ചാവ് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട്, തൃത്താല, പട്ടാമ്പി, തൃശൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ഈ സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണ്.
Keywords: Rent-A-Car-Arrested

Post a Comment
0 Comments