Type Here to Get Search Results !

Bottom Ad

ജല സുരക്ഷാ അവബോധം എല്ലാവരിലും ഉണ്ടാകണം : മന്ത്രി ഇ ചന്ദ്രശേഖരന്‍


കാസര്‍കോട്.(www.evisionnews.in)ജല സുരക്ഷാ അവബോധം എല്ലാവരിലും ഉണ്ടാകണമെന്നും ഇത് വരുംതലമുറയുടെ ബോധമണ്ഡലത്തിലെത്തിക്കുകയാണ് ജല സംരക്ഷണത്തിനായുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയിലെ വരള്‍ച്ച നേരിടാന്‍ ജില്ലാ പഞ്ചായത്ത് ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ജലസുരക്ഷ ശില്‍പ്പശാല ഡി പി സി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസുരക്ഷയുടെ ആവശ്യകത കുട്ടികളില്‍ നിന്ന് തന്നെ വളര്‍ത്തിയെടുക്കണം. പാരമ്പര്യമായി നമ്മള്‍ വച്ചുപുലര്‍ത്തുന്ന വിശ്വാസങ്ങളുണ്ട്. അത് നമ്മള്‍ അറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. കുട്ടികളുടെ ബോധമണ്ഡലത്തില്‍ ജലസുരക്ഷയുടെ അവബോധം വളര്‍ത്തുക വഴി ഭാവി തലമുറയില്‍ ജല സുരക്ഷ സാധ്യമാകും. തൊട്ടടുത്ത വീട്ടിലെ ജലക്ഷാമത്തെക്കുറിച്ച് ശ്രദ്ധിക്കാതെ സ്വന്തം വീട്ടുകിണറ്റിലെ വെള്ളം യഥേഷ്ടം ഉപയോഗിക്കുന്ന സ്ഥിതി തെറ്റാണെന്ന് തിരിച്ചറിയണം. വരും നാളുകളില്‍ കുടിവെള്ളം കിട്ടാതെ മരിക്കുന്ന സ്ഥിതിപോലും സംഭവിച്ചേക്കാം. ഇത്തരമൊരു ശില്‍പ്പശാല സംഘടിപ്പിച്ച ജില്ലാപഞ്ചായത്തിനെ മന്ത്രി അനുമോദിച്ചു. ഒരു ശില്‍പ്പശാലകൊണ്ട് എല്ലാം ശരിയാകണമെന്നില്ല. എന്നാല്‍ ഇതൊരു നല്ല തുടക്കമാണ്. 12 പുഴകളുള്ള കാസര്‍കോട് രൂക്ഷമായ ജലക്ഷാമം നേരിടേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഈ ശില്‍പ്പശാലക്ക് ശേഷം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴിയും മറ്റും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ച് ജലസംരക്ഷണം ജീവിതചര്യയാക്കിമാറ്റണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ മുഖ്യാതിഥിയായിരുന്നു. സി പി സി ആര്‍ ഐ ഡയറകടര്‍ ഡോ: പി ചൗഡപ്പ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ വിഷയാവതരണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഫരീദ സക്കീര്‍ അഹമ്മദ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: എ പി ഉഷ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സ്വാഗതവും വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വോര്‍ക്കാടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജലസ്രോതസ്സുകളുടെ വിവരശേഖരണം, പരിശീലനവും, ബോധവല്‍ക്കരണവും ജല സംരക്ഷണം, ജല സ്രോതസ്സുകളുടെ പുനരുജ്ജീവനം, ജല ഉപയോഗം സംബന്ധിച്ച നിയമവ്യവസ്ഥ എന്നിങ്ങനെ അഞ്ച് ഗ്രപ്പുകളായി തിരിഞ്ഞ് ചര്‍ച്ചകള്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ഡോ: വി പി പി മുസ്തഫ ക്രോഡീകരണം നടത്തി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad