കാസര്‍കോട്.(www.evisionnews.in)മഴക്കാല അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടത്തേണ്ട പ്രവൃത്തികള്‍ ത്വരിതഗതിയിലാക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റവന്യൂ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രീമണ്‍സൂണ്‍ പ്രവൃത്തികളെക്കുറിച്ചുളള അവലോകന യോഗത്തിലാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പൊതുസ്ഥലങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും അപകടാവസ്ഥയിലായ മരങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പൊതുമരാമത്ത് വകുപ്പുകളിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പൊതുമരാമത്ത് വെസ്റ്റ് എളേരി റോഡ്‌സ് സെക്ഷന് കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയാല്‍ അനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മഴക്കാല പൂര്‍വ പ്രവൃത്തികള്‍ക്കായി ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന് ഒരു കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുളളത്. 65 ലക്ഷം കുഴികള്‍ അടക്കാനും 35 ലക്ഷം ഓടവൃത്തിയാക്കാനും. ഈ പ്രവൃത്തികള്‍ നടന്നു വരുന്നുണ്ട്. അപകടാവസ്ഥയിലായ മരങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയും സര്‍ക്കാര്‍ ഓഫീസുകളിലെ മേല്‍ക്കൂരകളില്‍ വെളളം കെട്ടിനില്‍ക്കുന്നത് തടയാനുളള പ്രവൃത്തിയും നടന്നു വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ എസ് രാജന്‍, അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment
0 Comments