Type Here to Get Search Results !

Bottom Ad

കുറ്റവാളിയായ ഒരു പോലീസുദ്യോഗസ്ഥനും സര്‍വീസില്‍ ഉണ്ടാകില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം:(www.evisionnews.in)കുറ്റവാളിയായ ഒരു പോലീസുദ്യോഗസ്ഥനെയും സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ജനങ്ങളോടു മാന്യമായി പെരുമാറാത്ത പോലീസുകാര്‍ക്കെതിരേ മുഖംനോക്കാതെ ശക്തമായ നടപടിയെടുക്കും. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  രാഷ്ട്രീയ ഇടപെടലുകള്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കില്ലെന്നു പോലീസ് ആസ്ഥാനത്തു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കി.  മതനിരപേക്ഷ പോലീസിങ് വഴി ജനവിശ്വാസം ആര്‍ജിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

രാത്രി പട്രോളിങും മറ്റും കാര്യക്ഷമമായി നടത്തണം. ദുരന്തങ്ങള്‍ സംഭവിച്ചിട്ട് അന്വേഷണം നടത്തുന്നതിനേക്കാള്‍ നല്ലത് അതൊഴിവാക്കാന്‍ ശ്രമിക്കുന്നതാണ്. രഹസ്യാന്വേഷണവിഭാഗത്തില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കാനും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും ശ്രമിക്കണം. ദളിതര്‍ക്കും വയോജനങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കണം. പോലീസുകാരുടെ സര്‍വീസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടിക്കടത്ത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നിര്‍ദേശം നല്‍കി. കെട്ടിക്കിടക്കുന്ന കേസുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കണം. മയക്കുമരുന്നു കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കരുത്. തീവ്രവാദത്തിനെതിരേ സദാ ജാഗ്രത പുലര്‍ത്തണം.  പോലീസിന്റെ പെരുമാറ്റമാണ് പലപ്പോഴും വിവാദങ്ങളുണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണം. ഗുണ്ടകളെയും മാഫിയകളെയും അമര്‍ച്ച ചെയ്യണം. അന്വേഷണത്തിന് ശാസ്ത്രീയ രീതികള്‍ അവലംബിക്കണം. സ്ത്രീസുരക്ഷയ്ക്ക് അധിക പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad