Type Here to Get Search Results !

Bottom Ad

പള്ളിക്കര അപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ മറവു ചെയ്തു



പള്ളിക്കര: (www.evisionnews.in) തിങ്കളാഴ്ച വൈകിട്ട്പ ള്ളിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ആറുപേരുടെയും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച അസര്‍ നിസ്‌കാരത്തിന് മുമ്പ് ചേറ്റുകുണ്ട് ഇബ്രാഹീം ബാദുഷ ജമാഅത്ത് പള്ളി ഖബര്‍ സ്ഥാനിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
പള്ളിക്കര ചേറ്റുകുണ്ടിലെ സക്കീന (45), മകന്‍ സജീര്‍ (22), സഹോദരി ഷാനിറ (18), സക്കീനയുടെ മകന്‍ ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (19), സക്കീനയുടെ അനുജന്‍ അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31), മകള്‍ ഫാത്വിമ (മൂന്ന്) എന്നിവരാണ് തിങ്കളാഴ്ച വൈകിട്ട് പള്ളിക്കരയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരില്‍ ഖൈറുന്നീസ, സക്കീന, ഷാനിറ, റംസീന എന്നിവരുടെ മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സജീര്‍, ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തി ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചേറ്റുകുണ്ട് ഏത്താംകോട്ട മദ്രസയില്‍ കുറച്ചുസമയം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. 
നോമ്പുതുറയ്ക്കായി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞാണ് അപകടം. ഉടന്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദുരന്ത വാര്‍ത്ത കാസര്‍കോടിനെ ഒന്നടങ്കം നടുക്കുകയും കടുത്ത ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. ചാനലുകളില്‍ ഇന്നലെ വാര്‍ത്ത ലോകമെങ്ങും പരന്നതോടെ ആകാംക്ഷമുറ്റിയ ഫോണ്‍ പ്രവാഹമാണ് പള്ളിക്കരയിലേക്കുണ്ടായത്.
അപകടത്തില്‍ സജീറിന്റെ സുഹൃത്ത് അര്‍ഷാദ് (17), ഖൈറുന്നിസയുടെ മകന്‍ അജ്മല്‍ (അഞ്ച്), റംസീനയുടെ മകന്‍ ഇനാം (ഒന്ന്) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരണപ്പെട്ടവരുടെ ബന്ധുക്കളെ ഫോണില്‍ അനുശോചനം അറിയിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, മുന്‍ മന്ത്രി സി.ടി.അഹമ്മദലി, ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍, സി.പി.ഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് എം.കുഞ്ഞികൃഷ്ണന്‍, എസ്.കെ.കുട്ടന്‍, എ.ഹമീദ് ഹാജി, അജയകുമാര്‍ നെല്ലിക്കാട്, ദാമോദര പണിക്കര്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍, കാസര്‍കോട് ജില്ലാ കലക്ടര്‍ ദേവദാസ് തുടങ്ങിയവര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു.


Keywords: Pallikare-accident-

Post a Comment

0 Comments

Top Post Ad

Below Post Ad