കാസര്‍കോട്; (www.evisionnews.in) കോളിളക്കം സൃഷ്ടിച്ച ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയടിച്ച കേസിന്റെ വിചാരണ ബുധനാഴ്ച നടക്കാനിരിക്കെ കൊള്ള മുതലില്‍ നിന്ന് ഒന്നരക്കിലോയോളം സ്വര്‍ണ്ണ പണ്ടങ്ങള്‍ ഇനിയും കണ്ടെടുക്കാനാവാതെ ഇരുട്ടില്‍ തപ്പുന്ന പോലീസ് അന്വേഷണ സംഘത്തിന്റെ നീക്കങ്ങളില്‍ ദുരൂഹത പടരുന്നു. ബുധനാഴ്ച കാസര്‍കോട് ചീഫ് ജൂഡി:മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്.
2015 സെപ്തംബര്‍ 28നാണ് ബാങ്ക് കൊള്ള പുറം ലോകം അറിയുന്നത്. ഇരുപത് കിലോ സ്വര്‍ണ്ണവും 2,95,000 രൂപയുമാണ് കൊള്ളയടിച്ചത്. ഇതില്‍ ഒന്നരക്കിലോയോളം സ്വര്‍ണ്ണവും 1,45,000 രൂപയും ഇനിയും വീണ്ടെടുക്കാനുണ്ടെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അറസ്റ്റിലായവരില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ പുറത്തെടുക്കാനോ, തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനും കഴിഞ്ഞിട്ടില്ലെന്നാണ് പോലീസിന്റെ അവകാശവാദം. എന്നാല്‍ പോലീസിന്റെ ഈ നിലപാടില്‍ ദുരൂഹതയുണ്ടെന്നാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി രംഗത്തിറങ്ങി സമരം നയിച്ച സമര സമിതി പറയുന്നത്. സമര സമിതിയുടെ പോരാട്ടത്തെ തുടര്‍ന്ന് സ്വര്‍ണ്ണം നഷ്ടപ്പെട്ടവര്‍ക്ക് അതിന്റെ മുതലും പലിശയും ബാങ്ക് വിതരണം ചെയ്യുന്നുണ്ട്.
സംഭവം നടക്കുമ്പോള്‍ പവന് 19,360 രൂപയായിരുന്നുവെങ്കില്‍ ബാങ്കുമായുള്ള ഒത്തു തീര്‍പ്പ് നടന്ന ദിവസത്തെ നിരക്കായ 22,160 രൂപയും ഇതിന്റെ പത്ത് ശതമാനം പലിശയും ചേര്‍ത്താണ് ഇപ്പോള്‍ നഷ്ട പരിഹാരം നല്‍കുന്നത്. നഷ്ട പരിഹാരം നല്‍കിയാലും കാണാതായ സ്വര്‍ണ്ണം എവിടെ എന്ന ചോദ്യത്തിന് പോലീസാണ് കോടതിയോടും സമൂഹത്തോടും മറുപടി പറയേണ്ടത്.
കൊള്ള ചെയ്ത 20 കിലോ സ്വര്‍ണ്ണത്തില്‍ നിന്ന് 18 കിലോ കണ്ടെടുത്തത് ചെങ്കള പഞ്ചായത്തിലെ ബേര്‍ക്കയില്‍ നിന്നും, ചേരൂറില്‍ നിന്നുമാണ്. നീലേശ്വരം സി.ഐ ആയിരുന്ന കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഏഴു പ്രതികളും 130 സാക്ഷികളുമുണ്ട്.
മടിക്കേരി കുശാല്‍നഗര്‍ ബെത്തിനഹള്ളിയിലെ എസ്.സുലൈമാന്‍ (45), സംഭവത്തില്‍ സൂത്രധാരനായ ബളാല്‍ കല്ലംചിറയിലെ മണ്യന്‍ ഹൗസില്‍ അബ്ദുള്‍ ലത്തീഫ് (39), ബല്ലാ കടപ്പുറം മുതിരപ്പാട് ഇല്ലത്ത് മുബഷീര്‍ (21), ഇടുക്കി രാജഗുടിയിലെ മട്ടപ്പള്ളി കുന്നില്‍ ഹൗസില്‍ എം.ജെ.മുരളി (45), ചെങ്കള നാലാംമൈല്‍ ബേര്‍ക്ക ഹൗസില്‍ അബ്ദുള്‍ ഖാദര്‍ എന്ന മനാഫ്, മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളയിലെ അഷ്‌റഫ് (38), മടിക്കേരി എര്‍മാട് കുരുളി ഹൗസില്‍ അബ്ദുള്‍ ഖാദര്‍ (48) എന്ന ഖാദര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
keywords: Cheruvathur-bank-

Post a Comment
0 Comments