കാസര്‍കോട് (www.evisionnews.in): മഴയെത്തിയിട്ടും വഴിയോരങ്ങളിലും മറ്റു പൊതുയിടങ്ങളിലും കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇനിയും നടപടിയായില്ല. മഴക്കാല പൂര്‍വ്വ ശുചീകരണമെന്ന പേരില്‍ നാടാകെ ശുചീകരണ യജ്ഞങ്ങള്‍ വിവിധ ലേബലുകളില്‍ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര പ്രായോഗികമാകുന്നില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡെങ്കിപ്പനിയും മലമ്പനിയുള്‍പ്പെടേയുള്ള പകര്‍ച്ചവ്യാധികളും മറ്റു ജലജന്യ സാംക്രമിക രോഗങ്ങളും കൂടുതലായി കണ്ടുവരുന്ന കാസര്‍കോട് ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജന പ്രക്രിയയെ തദ്ദേശ സ്വയംഭരണ -ആരോഗ്യ സ്ഥാപനങ്ങളും വളരെ ലാഘവത്തോടെയാണ് കാണുന്നത്. വേനല്‍ മഴ തുടങ്ങിയതു മുതല്‍ തന്നെ ജില്ല പനിഭീതിയിലായിരുന്നു. നിരവധി പേരാണ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയത്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, കോളറ, ഛര്‍ദി, ത്വക്ക് രോഗങ്ങള്‍ എന്നിവയും ജില്ലയുടെ പലഭാഗങ്ങളിലും പെരുകുന്നുണ്ട്. സാംക്രമിക രോഗങ്ങള്‍ പെരുകുമ്പോഴും ആവശ്യമായ ആശുപത്രികളില്‍ മരുന്നുകള്‍ എത്തിയില്ലെന്നും പരാതിയുണ്ട്.
നഗരത്തിലെ ഓടകളിലും മറ്റും പ്ലാസ്റ്റിക് അടക്കമുള്ള വേസ്റ്റുകള്‍ അടിഞ്ഞുകൂടി മലിനജലം റോഡിലേക്കൊഴുകുകയാണ്.
കാലവര്‍ഷം ചെറിയതോതില്‍ തുടങ്ങിയതോടെ തന്നെ നഗരത്തിലെ പലയിടങ്ങളിലും കുന്നുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞുനാറുകയാണ്. കുമിഞ്ഞുകൂടിയ ഈ മാലിന്യങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്നതോടെ കൊതുകുകളും മറ്റും പെരുകിയിരിക്കുന്നു. ആളനക്കമില്ലാത്ത നേരങ്ങളില്‍ തെരുവുനായ ഉള്‍പ്പെടേയുള്ള കൂത്താടികളും ഇവിടങ്ങളില്‍ സജീവമായിരിക്കുകയാണ് ഇവിടം. നിത്യേന നഗരത്തില്‍ അഞ്ച് മുതല്‍ ഏഴ് വരെ ടണ്‍ മാലിന്യം ശേഖരിക്കുന്നുണ്ടെന്നാണ് നഗരസഭ കണക്ക്. എന്നാല്‍ ഈ മാലിന്യങ്ങള്‍ ഇപ്പോള്‍ എവിടെ കൊണ്ട് തള്ളുന്നുവെന്നത് നഗരവാസികള്‍ക്ക് അറിയില്ല.

Post a Comment
0 Comments