കാസര്‍കോട് (www.evisionnews.in): റമദാന്‍ വിപണിയില്‍ അരിവില തിളയ്ക്കുന്നു. കിലോ ഗ്രാമിന് 70രൂപയിലെത്തി തക്കാളി വില പൊള്ളലേല്‍പ്പിക്കുന്നു. പച്ചമുളകിന് പോലും തീവിലയായി. ജനത്തിന് ഇരുട്ടടിയായി മാറിയ ഭക്ഷ്യവിലക്കയറ്റം കൊണ്ട് കേരളം വെന്തെരിയുകയാണ്. പൊതുവിതരണശൃംഖല കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂക്കുകുത്തിവീണതോടെയാണ് മുമ്പെങ്ങും ഈ സീസണില്‍ കേട്ടറിവില്ലാത്ത വിലക്കയറ്റത്തിന്റെ പ്രതിസന്ധിയില്‍ കേരളം അമരുന്നത്.
അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക് പിന്നില്‍ ഗൂഢാലോചനയെന്നാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറയുന്നത്. വിലക്കയറ്റത്തിനു പിന്നില്‍ ബോധപൂര്‍വമായ നീക്കമുണ്ട്. ഇത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പച്ചക്കറി വിലവര്‍ധന തടയാന്‍ ഹോര്‍ട്ടികോര്‍പ്പ് ഇടപെടും. 30 ശതമാനംവരെ വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പച്ചക്കറിക്ക് പിന്നാലെ അരി വില വര്‍ധിപ്പിക്കാനുള്ള നീക്കത്തെകുറിച്ച് ഭക്ഷ്യവകുപ്പിന് സൂചനകിട്ടിക്കഴിഞ്ഞു. കേരളത്തിന് അരി നല്‍കില്ലെന്ന സമ്മര്‍ദ തന്ത്രത്തിലാണ് ആന്ധ്രയിലെ മില്ലുടമകള്‍. ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടിരട്ടിയിലധികമാണ് വില വര്‍ധിച്ചത്. അരിവിലയും കൂടിയിട്ടുണ്ട്. കിലോയ്ക്ക് പതിനഞ്ചുരൂപയായിരുന്ന തക്കാളിയുടെ വില തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം ഉയര്‍ന്നു തുടങ്ങി. ഇപ്പോള്‍ എഴുപത് രൂപയില്‍ എത്തിനില്‍ക്കുകയാണ്. ബീന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് പച്ചക്കറികളുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

Post a Comment
0 Comments