കാസര്‍കോട് (www.evisionnews.in): ഭൂമി കയ്യേറ്റം ബലാത്സംഗത്തിന് തുല്യമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍.സ്ത്രീപീഡന -ബലാത്സംഗ വാര്‍ത്തകളും ഇത്തരം കുറ്റകൃത്യങ്ങളും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഭൂമിയെ കണ്ണില്‍ ചോരയില്ലാതെ സംഘടിതമായി കയ്യേറുന്നതിനെ ബലാത്സംഗം എന്നല്ലാതെ മറ്റെന്തുപറയാനാവും. ഇത്തരം ഏറിവരുന്ന പ്രവണതകള്‍ അനാശാസ്യം തന്നെയാണെന്നും മന്ത്രി പറഞ്ഞു.
ഇതിനെ മാധ്യമങ്ങള്‍ തുറന്നു കാട്ടണം. മാധ്യമങ്ങള്‍ നിഗ്രഹശക്തിയാവരുത്. നാടിന്റെ വികസനം ലക്ഷ്യമാക്കി സൃഷ്ടിപരത ഉയര്‍ത്തിപ്പിടിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ചെമ്മനാട് പെരുമ്പളയിലെ ചെട്ടുംകുഴിയിലെ വീട്ടില്‍ ഇവിഷന്‍ പ്രവര്‍ത്തകരുമായി നാടിന്റെ നീറുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പാരാവാരം പോലുള്ള റവന്യൂ വകുപ്പില്‍ എന്തു ചെയ്യുമെന്നാണ് മന്ത്രിയായ ശേഷം പലരും ചോദിക്കുന്നത്. ഇതിന് മറുപടി ഒന്നേയുള്ളൂ. എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല. എങ്കിലും പൊതു സമൂഹത്തിന്റെയും ജനാഭിലാഷവും മാനിച്ച് റവന്യൂ വകുപ്പിനെ ജനപക്ഷ വകുപ്പാക്കി മാറ്റാനാണ് ശ്രമം. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീരുന്നേയില്ല. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഭൂമി വെട്ടിപ്പിടിക്കുന്ന കാഴ്ച ഭീകരമാണ്. നിയമങ്ങളെ പേടിയില്ലാതെ അതീവ ലാഘവത്തോടെയാണ് ഇത് ആവര്‍ത്തിക്കുന്നത്. ഇതിനെതിരെ ഫലപ്രദമായ നടപടിയുണ്ടാകും. മന്ത്രി പറഞ്ഞു.
സ്വന്തം നാടായ പെരുമ്പളയും എംഎല്‍എ ആക്കിയ കാഞ്ഞങ്ങാട് മണ്ഡലവും സര്‍വോപരി നമ്മുടെ കേരളവുമടങ്ങുന്ന നാടിന്റെ പൊതുവായ വികസനമാണ് തന്റെയും പുതിയ സര്‍ക്കാരിന്റെയും സ്വപ്നം. അതേസമയം പിന്നണിയില്‍ കിടക്കുന്ന മലബാറിന്റെ വികസനത്തിന് ബദ്ധശ്രദ്ധവും സത്വരവുമായ പ്രത്യേക പരിഗണനകള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഇവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട്, ഡയറക്ടര്‍ എം.എ നജീബ്, കെഎസ് ഗോപാലകൃഷ്ണന്‍ എന്നിവരും പ്രഭാതവേളയിലെ മന്ത്രിയുമായുള്ള അഭിമുഖത്തില്‍ പങ്കുചേര്‍ന്നു. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഡ്വ രാധാകൃഷ്ണന്‍ പെരുമ്പളയും സന്നിഹിതനായിരുന്നു.

Post a Comment
0 Comments