കാഞ്ഞങ്ങാട് (www.evisionnews.in): ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്ക് വിരമാമിടാന്‍ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായുള്ള സോളര്‍ പാര്‍ക്കിന്റെ പണി പുരോഗമിക്കുന്നു. ആദ്യഘട്ട നിര്‍മാണത്തിന്റെ ഭാഗമായി മടിക്കൈ വെള്ളൂടയില്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായുള്ള ഭൂമിപൂജ വെള്ളൂടയില്‍ നടന്നു. കേന്ദ്രസര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും സംയുക്ത സംരംഭമായ റിന്യുവല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് (ആര്‍പിസികെഎല്‍) നേതൃത്വത്തില്‍ മടിക്കൈ അമ്പലത്തറ വില്ലേജിലെ വെള്ളൂട, കരിന്തളം, പൈവളിഗെ, ചിപ്പാര്‍ എന്നിവിടങ്ങളിലാണു സോളര്‍ പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നത്.
മടിക്കൈയില്‍ 484 ഏക്കര്‍ സ്ഥലമാണു സര്‍ക്കാര്‍ സോളര്‍ പാര്‍ക്കിനായി കെഎസ്ഇബിക്കു കൈമാറിയത്. ന്യൂഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ റിന്യൂവല്‍ ആന്‍ഡ് എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സി (ഇറെഡ)ക്കാണു മടിക്കൈയിലെ പാര്‍ക്കിന്റെ നിര്‍മാണച്ചുമതല. ഇവരുടെ ചെന്നൈ ഓഫിസിന്റെ മേല്‍നോട്ടത്തിലാണു പ്രവൃത്തി പുരോഗമിക്കുന്നത്. സോളര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(സെകി)യാണു രാജ്യത്ത് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് അനുവദിച്ച 25 പദ്ധതികളില്‍ സംസ്ഥാനത്തിനു ലഭിച്ച ഏക പദ്ധതിയാണിത്. ജില്ലയില്‍ പദ്ധതി പൂര്‍ണമായും നടപ്പിലാകുമ്പോള്‍ ഒരു മെഗാവാട്ടിന് ആറുകോടി രൂപ നിരക്കില്‍ 200 മെഗാവാട്ടിനു 1200 കോടിയോളം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
പാര്‍ക്കിലേക്കുള്ള റോഡ്, തെരുവുവിളക്ക് എന്നിവയുള്‍പ്പെടെ അനുബന്ധ സൗകര്യങ്ങള്‍ വരുന്നതു സമീപ പ്രദേശങ്ങളുടെ വികസനത്തിനും വഴിയൊരുക്കും. ഇതോടൊപ്പം തദ്ദേശീയര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കും. നെടുമ്പാശേരി വിമാനത്താവളത്തിലാണു സംസ്ഥാനത്തെ ഏറ്റവും വലിയ സോളര്‍ പാര്‍ക്കുള്ളത്. ഇവിടെ 12 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. ഈ നിലയ്ക്ക്, ജില്ലയില്‍ 200 മെഗാവാട്ട് ഉല്‍പാദനം തുടങ്ങിയാല്‍ വടക്കന്‍ കേരളത്തിന്റെ ആവശ്യത്തിലധികം വൈദ്യുതി ഇവിടെനിന്ന് ഉല്‍പാദിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അമ്പലത്തറയില്‍ പൂര്‍ത്തിയാകുന്ന 33 കെവി സബ് സ്റ്റേഷനിലെത്തിക്കുന്ന സോളര്‍ വൈദ്യുതി ഇവിടെനിന്ന് 220 കെവി ആയി ഉയര്‍ത്തി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
Post a Comment
0 Comments