കാസര്‍കോട് (www.evisionnews.in): ഹയര്‍സെക്കണ്ടറി തലത്തില്‍ പിണറായി മന്ത്രിസഭ തീരുമാനപ്രകാരം 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും സീറ്റ് അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന ഇത്തവണയും തുടരുന്നു. മലബാറില്‍ പ്രവേശനയോഗ്യത നേടിയ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ അധ്യയന വര്‍ഷവും പടിക്ക് പുറത്താകുന്ന സ്ഥിതിയാണ്.
457654 വിദ്യാര്‍ത്ഥികളാണ് ഇത്തവണ സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 274586 വിദ്യാര്‍ത്ഥികളും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് പഠിക്കാന്‍ ഈ ജില്ലകളില്‍ ആകെയുള്ള പ്ലസ്ടു സീറ്റുകള്‍ 171726 മാത്രമാണ്. അഥവാ 1,02860 പേര്‍ക്ക് പ്ലസ് ടുവിന് പഠിക്കാന്‍ മലബാറില്‍ സീറ്റില്ല എന്നര്‍ത്ഥം.
മലപ്പുറം ജില്ലയില്‍ മാത്രം 37780 പേര്‍ക്കാണ് പ്ലസ്ടു പഠനാവസരം നിഷേധിക്കപ്പെടുന്നത്. സീറ്റുകളുടെ കുറവിന്റെ കാര്യത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് കോഴിക്കോടും പാലക്കാടുമാണ്. കോഴിക്കോട് 17000ത്തിലധികം പേര്‍ക്ക് അവസരം നിഷേധിക്കപ്പെടുമ്പോള്‍ പാലക്കാട് 15000ത്തിലധികം സീറ്റുകളുടെ കുറവുള്ളത്. അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകള്‍ കൂട്ടിയാലും അമ്പതിനായിരത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാകില്ല. 20 ശതമാനം പ്ലസ്ടു സീറ്റ് വര്‍ധിപ്പിച്ചാലും മലബാറുള്‍പ്പെടെയുള്ള ജില്ലകളില്‍ ഉപരിപഠനാവസരം ഇപ്പോഴും അപര്യാപ്തമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Post a Comment
0 Comments