Type Here to Get Search Results !

Bottom Ad

ചെര്‍ക്കള മാലിന്യക്കളമായിട്ടും പഞ്ചായത്ത് അറിയുന്നില്ല



ചെര്‍ക്കള (www.evisionnews.in): മഴക്കാല രോഗങ്ങള്‍ തടയാന്‍ നാടുനീളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ ചെങ്കള പഞ്ചായത്തിന്റെ ആസ്ഥാനമായ ചെര്‍ക്കള ടൗണ്‍ മാലിന്യക്കളമായി മാറി. കൊതുകുകള്‍ പെറ്റുപെരുകുന്ന അഴുക്കുചാല്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒലിച്ചിറങ്ങുന്നതുമൂലം ചെര്‍ക്കളയാകെ പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണ്. 

ചെര്‍ക്കള ടൗണില്‍ ദേശീയപാതക്കരികിലാണ് ദുര്‍ഗന്ധം പരത്തുന്ന മാലിന്യം കുന്നുകൂടി കിടക്കുന്നത്. ജില്ലാ ആസ്ഥാനത്തേക്കുള്ള ദേശീയപാതയും ദക്ഷിണ കര്‍ണാടകയിലേക്കും കുടകിലേക്കുമുള്ള സംസ്ഥാന പാതയും സംഗമിക്കുന്ന ജില്ലയിലെ സുപ്രധാന ജംഗ്ഷനാണ് ചെര്‍ക്കള. കരാറുകാരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ടൗണിലെ റോഡാകെ ഇടിച്ചുനിരത്തി സര്‍ക്കിളുകളും മറ്റും സ്ഥാപിക്കാന്‍ വ്യാപൃതരാണെങ്കിലും മാലിന്യം സംസ്‌കരിക്കാനുള്ള നടപടികളെ കുറിച്ചുള്ള പ്രാഥമിക ബോധം പോലും ചെര്‍ക്കളയില്‍ നടപ്പായിട്ടില്ല. മാധ്യമങ്ങളില്‍ ഇടക്കിടെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രം ശുചീകരണ വഴിപാട് നടത്തി ഗുരുതര പ്രശ്‌നത്തില്‍ നിന്ന് തടിയൂരുകയാണ് പഞ്ചായത്തിലെ ആരോഗ്യ വിഭാഗം. 

ടൗണിലെ കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ ചീഞ്ഞ പച്ചക്കറിയും പഴവും വരെ മാലിന്യത്തിലുണ്ട്. പ്ലാസ്റ്റിക്കുകളടക്കമുള്ള ഖരമാലിന്യങ്ങളും ടൗണിനൊത്ത നടുവിലാണ് തള്ളുന്നത്. മഴ പെയ്തതോടെ ഇവ ചീഞ്ഞളിഞ്ഞ് മൂക്കുപൊത്തിയാണു വാഹനയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കടന്നു പോകുന്നത്. ഇവിടെ നിന്ന് മലിനജലം സമീപത്തെ കുണ്ടടുക്കം, ബേവിഞ്ച തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് അഴുക്കുവെള്ളം മഴയില്‍ ഒലിച്ചിറങ്ങുന്നത്. കുടിവെള്ള സ്രോതസ്സുകളെ പോലും ഇതു മലിനമാക്കുന്നുവെന്നത് കാലങ്ങളായുള്ള പരാതിയാണ്.

സ്വകാര്യ വ്യക്തി നടത്തുന്ന ബസ് സ്റ്റാന്റ് കോംപ്ലക്‌സിലെ ശുചിമുറിയിലെ മലിനജലം ടൗണിലേക്ക് ഒഴുക്കിവിടുന്നതായി വ്യാപാരികള്‍ ആരോപിക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസും പ്രാഥമികാരോഗ്യ കേന്ദ്രവും പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള ടൗണിനാണ് ഈ ദുര്‍ഗതി. മാലിന്യപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇവിടെ ഡെങ്കിപ്പനി, മലേറിയ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പടരാനുള്ള സാധ്യത ഏറെയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 


Keywords: Kasaragod-news-bus-panchayath-cherkala

Post a Comment

0 Comments

Top Post Ad

Below Post Ad