Type Here to Get Search Results !

Bottom Ad

കണ്ടല്‍ കോളടങ്ങി; ഒളിംപ്യന്‍ അഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് ജയരാജന്‍


തിരുവനന്തപുരം (www.evisionnews.in): കണ്ണൂരിലെ വിവാദ കണ്ടല്‍ പാര്‍ക്കിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ തുടുത്തുവിട്ട വ്യവസായ -കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ ലോക അത്‌ലറ്റിക്‌സ് മെഡല്‍ ജേതാവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് തട്ടിക്കയറിയെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായി അഞ്ജു മാധ്യമങ്ങളെ അറിയിച്ചു.

അഞ്ജു അടക്കം സ്‌പോര്‍ട്്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ച് കായിക മന്ത്രി ജയരാജന്‍ തട്ടിക്കയറിയെന്നാണ് പരാതി. എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കി. കായികമന്ത്രിയുടെ പെരുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രിയെ കണ്ടശേഷമാണ് അഞ്ജു മടങ്ങിയതും. അഭിമാനം അടിയറ വച്ചു പുറത്തുപോകാന്‍ താനില്ലെന്ന നിലപാടിലാണ് അഞ്ജു. പുതിയ കായിക മന്ത്രി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ ആദ്യമായി കാണാന്‍ എത്തിയതായിരുന്നു ബംഗഌരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയും ഒപ്പമുണ്ടായിരുന്നു

അടുത്തിടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാന്വല്‍ പ്രകാരം പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാന്‍ഡ്‌ബോള്‍ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണം എന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ശാരീരിക പ്രയാസങ്ങളുള്ള പരിശീലകന്റെത് മാത്രം പ്രത്യേക കേസായി പരിഗണിക്കാം എന്ന് അഞ്ജു പറഞ്ഞെങ്കിലും കൗണ്‍സിലിലെ സ്ഥലം മാറ്റങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് മന്ത്രി ഫയലില്‍ എഴുതി. ഇത് കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ശകാരം.

കൗണ്‍സിലില്‍ അടിമുടി അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബംഗളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നു ചോദിച്ചു. കൂടെയുള്ളവര്‍ അഞ്ജുവിന്റെ പേരു ചീത്തയാക്കുകയാണെന്നും പറഞ്ഞ മന്ത്രി, തങ്ങള്‍ അധികാരത്തില്‍ വരില്ലെന്നു കരുതിയോ... കാത്തിരുന്നു കണ്ടോ.. എന്ന ഭീഷണിയും മുഴക്കി. മന്ത്രിയുമായുള്ള യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു ജയരാജന്റെ പെരുമാറ്റത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി.

തുറന്നു പിടിച്ച കൈയോടെയാണ് താന്‍ ഈ സ്ഥാനത്ത് വന്നതെന്നും തുറന്ന കൈയോടെതന്നെ തിരിച്ചു പോകുമെന്നും അഞ്ജു പറഞ്ഞു. പ്രസിഡന്റിന് വിമാനയാത്ര അനുവദിച്ചുകൊണ്ടുളള നിയമം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതാണ്. കായിക വകുപ്പ് സെക്രട്ടറിയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.ശിവശങ്കറാണ് വിമാനടിക്കറ്റ് അനുവദിക്കാനുള്ള ഫയലില്‍ ഒപ്പിട്ടത്.

ധന സെക്രട്ടറി കെ.എം എബ്രഹാമും അനുമതി നല്‍കിയിട്ടുണ്ട്. മന്ത്രി പറഞ്ഞതിന് അര്‍ത്ഥം ഇവരെല്ലാം അഴിമതിക്കാരാണെന്നാണോ എന്ന് അഞ്ജു മുഖ്യമന്ത്രിയോടു ചോദിച്ചു. സ്‌പോര്‍ട്‌സുകാര്‍ക്ക് രാഷ്ട്രീയമില്ലെന്നും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് താന്‍ നില്‍ക്കുന്നതെന്നും അഞ്ജു പറഞ്ഞു. സര്‍ക്കാര്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി അഞ്ജുവിനെ ആശ്വസിപ്പിച്ചത്. 


Keywords: Kerala-news-anju-baby-ep-jayarajan

Tags

Post a Comment

0 Comments

Top Post Ad

Below Post Ad