മധൂര്‍: (www.evisionnews.in) തിരഞ്ഞെടുപ്പിന്ന് ശേഷം മധൂര്‍പഞ്ചായത്തില്‍ വ്യാപകമായ അക്രമങ്ങള്‍ തീക്കളിയായി പടരുന്നു. ഒരു വിഭാഗം സാമൂഹ്യ ദ്രോഹികള്‍ നടത്തുന്ന അക്രമങ്ങളില്‍ ജനം പൊറുതി മുട്ടി നില്‍കുന്നതിനിടയില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം ഉളിയത്തടുക്ക ടൗണിന് സമീപം ഓലമേഞ്ഞ തട്ടുകട അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. മൂസ എന്നയാളുടെ കടയാണിത്. രാത്രികാല പട്രോളിങ്ങിനിടയില്‍ വിദ്യാനഗര്‍ പോലീസ് സംഘമാണ് തട്ടുകടയില്‍ തീ ആളിപ്പടരുന്നത് കണ്ടത്. വിവരം കിട്ടിയ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് കുതിച്ചെത്തി തീ അണച്ചു. പെട്രോള്‍ നിറച്ച ബിയര്‍ കുപ്പി എറിഞ്ഞ് തീയിട്ടതെന്നാണ് പോലീസിന്റെ നിഗമനം സ്ഥലത്ത് നിന്ന് പൊട്ടിയ ബിയര്‍ കുപ്പികള്‍ കണ്ടെടുത്തു. ഹൃദ്രോഗിയായ കടയുടമ മൂസ ആശുപത്രിയില്‍ ചികിത്സയിലാണ്. മകനാണ് കട നടത്തുന്നത്. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉളിയത്തടുക്കയിലും പരിസരങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
നിയമസഭയിലേക്കുള്ള പോളിംഗിന് തലേന്ന് മുതല്‍ മധൂരിലും പരിസരങ്ങളിലും അക്രമങ്ങള്‍ പടരുകയാണ്. രാംദാസ് നഗറില്‍ വനിതാ കോണ്‍ഗ്രസ്സ് നേതാവിന് നേര്‍ക്കും, നെല്ലിക്കുന്ന് സ്വദേശികളായ സ്ത്രീകളടങ്ങുന്ന കുടുംബത്തേയും റോഡില്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയുണ്ടായി. രാംദാസ് നഗറിന് സമീപം പോലീസ് എറിഞ്ഞ ഗ്രനേഡ് തിരിച്ചെറിഞ്ഞ് അക്രമികള്‍ ഭീകരത സൃഷ്ടിച്ചിരുന്നു. കേളുഗുഡ്ഡയില്‍ വാഗണര്‍ കാറ് തകര്‍ത്തു. സൂര്‍ലുവില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിനെ അക്രമിച്ചു. അക്രമം പടരുമ്പോള്‍ ഇത് തടയാനാകാതെ പോലീസ് കള്ളക്കളി തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഉളിയത്തടുക്കയില്‍ മൂസയുടെ തട്ടുകട തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡണ്ട് ടി.എം ഇഖ്ബാലും, സെക്രട്ടറി ഹാരിസ് ചൂരിയും അക്രമത്തെ അപലപിച്ചു. അഗ്നിക്കിരയായ കട മുസ്ലിം ലീഗ് നവീകരിച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
keywords: Madhur-Attack-against-Shop-uliyathadukka

Post a Comment
0 Comments