കാസര്‍കോട്:(www.evisionnews.in)കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ അപകടം കുറക്കാനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ കെ എസ് ടി പി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെ എസ് ടി പി റോഡ് പണി പൂര്‍ത്തിയായ സ്ഥലങ്ങളില്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ യുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. 27 കിലോമീറ്റര്‍ ആണ് കെ എസ് ടി പി റോഡിന്റെ ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയായിട്ടുളളത്. ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയായിട്ടുളള അഞ്ച് സ്ഥലങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതായി ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഉണ്ടായ 28 വാഹനാപകടങ്ങളില്‍ ആറ് പേരാണ് മരിച്ചത്. അതിനാല്‍ അപകടം കുറക്കാന്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും ഈ മാസം 30 നകം ഉറപ്പ് വരുത്തണം. കെ എസ് ടി പി റോഡിനോട് ചേര്‍ന്നുളള അപ്രോച്ച് റോഡുകളില്‍ ഹംപുകള്‍ സ്ഥാപിക്കും, റോഡുകളുടെ വശങ്ങളില്‍ പെയിന്റിംഗ് നടത്തുകയും ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. 344 സ്ഥലങ്ങളിലാണ് കെ എസ് ടി പി ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ഈ ലൈറ്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്ത് ലൈറ്റുകള്‍ സ്ഥാപിക്കണം. റോഡിന്റെ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണം. അരികിലുളള വീടുകള്‍ക്ക് ഡ്രൈനേജ് സംവിധാനം മൂലം ദുരവസ്ഥ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി, വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, ആര്‍ ടി ഒ പി എച്ച് സാദിഖലി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബേക്കല്‍ പോലീസ് എ എസ് പി ആര്‍ ആദിത്യ, കെ എസ് ടി പി റോഡ് പ്രതിനിധികളായ സുശീല്‍ കുമാര്‍, കെ വി രഘുരാമന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment
0 Comments